കൊറോണ: മരണസംഖ്യ ഉയരുന്നു; ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി
ലോകത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ്. വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ചൈനയില്‍ ഇന്നലെ മാത്രം 2829 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി.
ചൈനയ്ക്ക് പുറമെ 23 രാജ്യങ്ങളില്‍ക്കൂടി കൊറോണ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, റഷ്യ, സ്പെയിന്, തായ്ലന്ഡ്, യു എസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകം കനത്ത ജാഗ്രതയിലാണ്.
അതേസമയം കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1999 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 75 പേര് ആശുപത്രികളിലും 1924 പേര് വീടുകളിലുമാണ്.
പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.