വാർദ്ധക്യത്തിൽ വരാനിരിക്കുന്ന രോഗം എട്ടാം വയസിൽ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം..
ഒരു നാൽപതു വയസു കഴിഞ്ഞാൽ പിന്നെ പലതരം അസുഖങ്ങൾ നിറഞ്ഞതാണ് ഓരോരുത്തരുടെയും ജീവിതം. ശാരീരിക അസ്വാസ്ഥ്യങ്ങളേക്കാൾ ഭയപ്പെടുത്തുന്ന ഒന്നാണ് മറവിരോഗം. പ്രായമായവരിൽ ഏറ്റവുമധികം വില്ലനാകുന്ന അസുഖമാണ് മറവി. എന്നാൽ ഭാവിയിൽ മറവി രോഗം വരാൻ സാധ്യത ഉണ്ടോ എന്ന് ചെറുപ്പത്തിൽ അറിയാൻ മാർഗമുണ്ട്.
ചെറുപ്പത്തിൽ ബുദ്ധി ഉപയോഗിച്ചുള്ള കളികളിൽ ഏർപ്പെടുന്നവർക്ക് പ്രായമായാലും ഓർമ്മക്കുറവിന്റെ പ്രശ്നങ്ങൾ സാരമായി ബാധിക്കാറില്ല. ചെറുപ്പത്തിൽ തന്നെ അലസതയുള്ളവർ മുതിർന്നാലും അതെ തലത്തിൽ തന്നെ നിൽക്കുകയും ചെയ്യുന്നു.
അമേരിക്കൻ അക്കാദമി ഓഫ് ന്യുറോളജിയുടെ മെഡിക്കൽ ജേർണലിൽ ആണ് ഇതിനെ സംബന്ധിച്ച പഠനമുള്ളത്. ബുദ്ധി ഉപയോഗിച്ച് കുട്ടികൾ ചിന്തിക്കുന്നുണ്ടോ എന്ന് നോക്കി ഭക്ഷണത്തിലും സമയ ക്രമങ്ങളിലുമൊക്കെ മാറ്റം വരുത്തിയാൽ ഓർമ്മക്കുറവിനെ ചെറുക്കാം എന്നാണ് ഈ പഠനത്തിൽ പറയുന്നത്. ഈ പഠനത്തിനു നേതൃത്വം നൽകിയത് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ സ്‌കോട്ട് ആണ്.
1946ൽ സ്കോട്ടും സംഘവും 502 ബ്രിട്ടീഷുകാരിൽ പരീക്ഷണം നടത്തി അവരുടെ ഓർമയുടെയും ബുദ്ധിയുടെയും തോത് ശേഖരിച്ചിരുന്നു. അവർക്ക് എട്ടു വയസുള്ളപ്പോഴാണ് പരീക്ഷണം നടത്തിയത്. ഏകദേശം അറുപതു വർഷങ്ങൾക്ക് ശേഷം വീണ്ടും അവരിൽ പരീക്ഷണം നടത്തിയപ്പോൾ കിട്ടിയ ഫലവും അതുതന്നെയായിരുന്നു. ചിലരിൽ വിദ്യാഭ്യാസത്തിന്റെ സ്വാധീനം ബുദ്ധിയെ സ്വാധീനിച്ചിട്ടുണ്ട്.
അന്ന് 25 ശതമാനം മാർക്ക് വാങ്ങിയ വ്യക്തി സമാനമായ മാർക്ക് തന്നെയാണ് ഇപ്പോളും കരസ്ഥമാക്കിയത്. മേൽ പറഞ്ഞതുപോലെ വിദ്യാഭ്യാസമുള്ളവരുടെ ബുദ്ധിനില കുറച്ചുകൂടി കൂടുതൽ നിലവാരത്തിൽ പ്രവർത്തിച്ചു.
ഈ പഠനത്തിൽ നിന്നും വ്യക്തമായത് ചിന്താശേഷിയുടെയും ഓർമയുടെയും കാര്യത്തിൽ സ്ത്രീകളാണ് മുൻപന്തിയിൽ എന്നാണ്. മാത്രമല്ല, സാധാരണ ജോലി ചെയ്തവരേക്കാൾ മികച്ച റിസൾട്ട് പ്രൊഫഷണൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുകയും ചെയ്തു.
Read More:ഇത് പൃഥ്വിരാജ് തന്നെയാണോ? സമർപ്പണം കൊണ്ട് അമ്പരപ്പിച്ച് പ്രിയനടൻ- വീഡിയോ
ഓർമ നഷ്ടമാകുന്ന അവസ്ഥയ്ക്ക് പ്രത്യേകിച്ച് ചികിത്സകൾ ഫലപ്രദമല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പഠനങ്ങൾ പറയും പോലെ ചെറുപ്പത്തിൽ തന്നെ ബുദ്ധിയിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ ഈ അവസ്ഥയെ അതിജീവിക്കാൻ സാധിക്കും.