കമലും കാദംബരിയും- ഗൗതം മേനോന്റെ പുതിയ പ്രണയ ചിത്രത്തിൽ നായകൻ സൂര്യ

ഗൗതം മേനോന്റെ കണ്ണിലൂടെ പ്രണയം ആവിഷ്കരിച്ചിരിക്കുന്നത് കാണാൻ അതിമനോഹരമാണ്. ആരും കൊതിക്കുന്ന ഒരു പ്രണയകാലമാണ് ഓരോ സിനിമയിലൂടെയും ഗൗതം മേനോൻ സമ്മാനിക്കാറുള്ളത്. ‘വാരണം ആയിരം’, ‘വിണ്ണൈ താണ്ടി വരുവായ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അതിമനോഹര പ്രണയനിമിഷങ്ങളിലൂടെ ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട് ഗൗതം മേനോൻ.
ഇപ്പോൾ ഏറ്റവും ഒടുവിൽ ഗൗതം മേനോൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ‘എനൈ നോക്കി പായും തോട്ട’. ഒരു പ്രണയ ചിത്രമായിരുന്നു ഇതും. ധനുഷും മേഘ ആകാശും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ശേഷം ഇപ്പോൾ മറ്റൊരു പ്രണയ സിനിമയുമായി എത്തുകയാണ് ഗൗതം മേനോൻ.
സൂര്യയാണ് ചിത്രത്തിൽ നായകൻ. ‘വളരെ രസകരമായൊരു കഥയെഴുതുകയാണ് ഞാനിപ്പോൾ.കമലിന്റെയും കാദംബരിയുടെയും കഥ. സൂര്യക്ക് വേണ്ടിയാണ് ഞാനെഴുതുന്നത്. മുപ്പതുകളിലുള്ള രണ്ടു സംഗീതജ്ഞരുടെ പ്രണയകഥയാണ് ഇത്. അവർ വിദേശത്തു ജീവിക്കുകയും ഒരു റോഡ് ട്രിപ്പിന് പോകുന്നതുമൊക്കെയാണ് പ്രമേയം.’ ഗൗതം മേനോൻ പറയുന്നു.
Read More:അതിശയിപ്പിച്ച് ഫഹദ്; ‘ട്രാന്‍സ്’-ലെ ആ മാന്ത്രിക സംഗീതം ഇതാ: വീഡിയോ
സിനിമയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഗൗതം മേനോൻ. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തിളങ്ങിയ ഗൗതം മേനോൻ ഇപ്പോൾ അഭിനയത്തിലും സജീവമാകുകയാണ്. ‘ട്രാൻസ്’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് ഗൗതം മേനോൻ എത്തിയത്. ദുൽഖർ സൽമാൻ നായകനായ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ ഗൗതം മേനോൻ എത്തുന്നുണ്ട്.