ആര്‍ദ്ര സംഗീതം, ഹൃദയം തൊടുന്ന ആലാപനം; മധുരമീ ഗാനം

February 28, 2020

മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെയാണ് ചില പാട്ടുകള്‍. അവയങ്ങനെ ആസ്വാദകഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. ആര്‍ദ്ര സംഗീതവും മനോഹരമായ ആലാപനവുമായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് ഒരു സുന്ദരഗാനം. ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

രതീഷ് വേഗ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. ദീപക് വിജയന്റേതാണ് ഗാനത്തിലെ വരികള്‍. വിജയ് യേശുദാസിന്റെ മനോഹരമായ ആലാപനം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു.

Read more: അഗ്‌നിപര്‍വ്വതം പോലെ തിളച്ചുമറിഞ്ഞ് മഞ്ഞുപര്‍വ്വതങ്ങള്‍; ലാവ പോലെ പുറത്തേക്ക് അതിശക്തമായി പതിക്കുന്നത് മഞ്ഞ്: വീഡിയോ

നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കിങ് ഫിഷ്’. അനൂപ് മേനോന്‍ ആണ് ചിത്രത്തില്‍ നായകകഥാപാത്രമായി എത്തുന്നതും.

വി.കെ പ്രകാശ് സംവിധാനം നിര്‍വഹിക്കാനിരുന്ന ചിത്രമായിരുന്നു കിങ് ഫിഷ്. എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായതോടെ അനൂപ് മേനോന്‍ കിങ് ഫിഷ് എന്ന ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. ദിവ്യ എസ് പിള്ള, ദുര്‍ഗ്ഗ കൃഷ്ണ, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജന അനൂപ്, നിസ്സ എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.