അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും, മകൻ ‘കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച; ഓർമ്മ പങ്കുവെച്ച് കോട്ടയം രമേഷ്

February 12, 2020

തിയേറ്റർ വിട്ടിറിങ്ങിയാലും ചില കഥാപാത്രങ്ങൾ കൂടെക്കൂടും എന്ന് പറഞ്ഞു കേൾക്കാറില്ലേ.. അത്തരത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയിരിക്കുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ കുമാരൻ എന്ന കഥാപാത്രം. ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന്റെ ഡ്രൈവറായാണ് കുമാരൻ എന്ന കഥാപാത്രം എത്തുന്നത്. വർഷങ്ങളായി നാടക വേദികളിൽ തിളങ്ങിയ കോട്ടയം രമേഷാണ് കുമാരൻ എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തുന്നത്.

അതേസമയം വർഷങ്ങൾക്ക് മുമ്പ് 1981 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന ചിത്രത്തിൽ സുകുമാരനൊപ്പവും താരം അഭിനയിച്ചിരുന്നു. ഇപ്പോൾ മകൻ പൃഥ്വിരാജിനൊപ്പം വേഷമിടുന്ന രമേഷ് 31 വർഷങ്ങൾക്ക് മുൻപ് പൃഥ്വിയുടെ അച്ഛനൊപ്പവും അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. സുഹൃത്ത് അഫ്‌സൽ കരുനാഗപ്പള്ളിയാണ് ഈ ഓർമ്മകൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

“ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ പങ്കുവെച്ചു.

1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്. ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു.

സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട്. അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ ‘കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച.”

ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ…

Posted by Flicker on Tuesday, 11 February 2020

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് കോട്ടയം രമേഷ്. മാധവൻ തമ്പി എന്ന കഥാപാത്രമായി മിനി സ്‌ക്രീനിൽ തിളങ്ങിയ താരം വെള്ളിത്തിരയിൽ എത്തുമ്പോൾ മികച്ച കൈയടിയാണ് ലഭിക്കുന്നത്.