സോഷ്യൽ മീഡിയയുടെ മനംനിറച്ച് ഒരു കുട്ടി ഡാൻസർ; താരത്തിന്റെ പഴയകാല ചിത്രത്തിന് വൻവരവേൽപ്

February 26, 2020

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചലച്ചിത്ര താരത്തിന്റെ ചെറുപ്പകാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടന്‍ നിവിന്‍ പോളിയുടെ കുട്ടിക്കാല ചിത്രമാണ് വൈറലായിരിക്കുന്നത്. മേക്കപ്പിട്ട് ഡാൻസ് കളിയ്ക്കാൻ ഒരുങ്ങിയ താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ കുത്തിപൊക്കിയിരിക്കുന്നത്.

സിനിമ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന് മലയാള സിനിമയിൽ യുവനടന്മാരിൽ മുൻനിരയിലിടം നേടിയ നടനാണ് നിവിൻ പോളി. ഒട്ടേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഇതിനോടകം നിവിൻ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി. ഏറ്റവും ഒടുവിലായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മൂത്തോൻ.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിവിൻ പോളി ഇനി നായകനായി എത്തുന്നത്. ‘പടവെട്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യരും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് ‘പടവെട്ട്’.

അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിലും നിവിൻ പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.