‘അന്നത്തെ കുരുന്ന്, ഇന്ന് സുന്ദരഗാനം ചിട്ടപ്പെടുത്തിയപ്പോള്‍’; ഉള്ളുതൊടുന്ന വാക്കുകളോടെ പ്രാര്‍ത്ഥനയുടെ പാട്ട് പങ്കുവെച്ച് പൃഥ്വിരാജ്: വീഡിയോ
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളചലച്ചിത്രരംഗത്തെ താരകുടുംബം എന്നു വിശേഷിപ്പിക്കാവുന്ന പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മല്ലിക സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരടങ്ങിയ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടുന്നു. ഈ കുടുംബാംഗങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ ഒരു പാട്ടാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രാര്‍ത്ഥന പാട്ടുപാടുന്നതിന്റെ വീഡിയോ മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ മിടുക്കി സ്വന്തമായി വരികളെഴുതി സംഗീതം നല്കി ആലപിച്ച ഗാനമാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് പങ്കുവെച്ചതാണ് ഈ വീഡിയോ.
”അന്ന് ഒരു പച്ചത്തുണിയില്‍ പൊതിഞ്ഞ് നിന്നെ എന്റെ കൈയില്‍ കിട്ടിയപ്പോള്‍ വെറും രണ്ടരക്കിലോ മാത്രമായിരുന്നു നീ. ഇപ്പോഴിതാ നീ ആദ്യമായി വരികളെഴുതി സംഗീതം നല്കി പാടുന്നതിന്റെ വീഡിയോ ഞാന്‍ ചിത്രീകരിക്കുന്നു” ഈ വാക്കുകള്‍ക്കൊപ്പമാണ് പൃഥ്വിരാജ്, പാട്ട് പാടുന്ന പ്രാര്‍ത്ഥനയുടെ വീഡിയോ പങ്കുവെച്ചത്.
2018-ല്‍ തിയേറ്ററുകളിലെത്തിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ട…’ എന്ന ഗാനം ആലപിച്ചതും പ്രാര്‍ത്ഥനയാണ്. ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു ഈ ഗാനം.