‘ഈ ഗെറ്റപ്പ് പുതിയ പടത്തിനു വേണ്ടിയുള്ളതാണോ’: അല്ലെന്ന് പൃഥ്വി; ‘ഇവന് നുണ പറയുകയാണെന്ന്’ രഞ്ജിത്തും- വീഡിയോ
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പ്രൊമോഷന് വേളയ്ക്കിടയിലെ ചില രസകരമായ നിമിഷങ്ങള്‍. മുടി നീട്ടിവളര്‍ത്തി കട്ടത്താടിയുള്ള ലുക്കിലാണ് പൃഥ്വിരാജ് പ്രൊമോഷന് എത്തിയത്. താരത്തിന്റെ ലുക്ക് കണ്ട മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഈ ലുക്ക് പുതിയ പടത്തിനു വേണ്ടിയുള്ളതാണോ എന്ന് താരത്തോട് ചോദിച്ചു. ‘അല്ല ഇതൊരു പടവും ഇല്ലാത്തതുകൊണ്ടുള്ള ഗെറ്റപ്പാ’ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
എന്നാല്‍ പൃഥ്വിരാജിന്റെ കയ്യില്‍ നിന്നും മൈക്ക് വാങ്ങിയ രഞ്ജിത്, പൃഥ്വിരാജ് പറയുന്നതു നുണയാണെന്നും ആടു ജീവിതത്തിനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും പറഞ്ഞു. രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ‘അവന് നിങ്ങളോട് നുണ പറയുന്നതാണ്, ആടുജിവിതത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് പൃഥ്വി . അതും ശരീരം കൊണ്ട്. ബെന്യാമിന്റെ നോവല്‍ ബ്ലെസി എന്ന മിടുക്കനായ സംവിധായകന് സിനിമയാക്കുന്നു. ഒരു ഷെഡ്യൂള്‍ ഷൂട്ട് കഴിഞ്ഞു. ഇനി ഇവന് മെലിഞ്ഞ് വളര്‍ന്ന താടിയൊക്കെയായി മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം ജീവിക്കാന്‍ പോകുകയാണ്’. രഞജിത്തിന്റ വാക്കുകള്‍ ചിരിയോടെ പൃഥ്വിരാജ് ഏറ്റെടുത്തു. ബിജു മേനോനും ഈ വേളയില്‍ സന്നിഹിതനായിരുന്നു.
അതേസമയം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ സംവിധായകന് രഞ്ജിത്തും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍. സച്ചിയാണ് ചിത്രത്തിന്റെ സംവിധായകന്.