ഇത് പൃഥ്വിരാജ് തന്നെയാണോ? സമർപ്പണം കൊണ്ട് അമ്പരപ്പിച്ച് പ്രിയനടൻ- വീഡിയോ

February 26, 2020

കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി എന്ത് വിട്ടുവീഴചയും ചെയ്യുന്ന താരങ്ങളാണ് മലയാളത്തിൽ ഉള്ളത്. ഇക്കാര്യത്തിൽ മുൻപന്തിയിലാണ് പൃഥ്വിരാജിന്റെ സ്ഥാനം. ഓരോ വേഷങ്ങൾക്കും അനുയോജ്യമായ രൂപ ഭാവങ്ങൾ പൃഥ്വിരാജ് വരുത്താറുണ്ട്. ഇപ്പോൾ ‘ആടുജീവിത’ത്തിനായി പൃഥ്വിരാജ് നടത്തിയ മെയ്ക്കോവർ ആണ് സമൂഹ മാധ്യമങ്ങളിലും സിനിമ ലോകത്തും സജീവ ചർച്ച.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തതിൽ താടി നീട്ടി മെലിഞ്ഞ ലുക്കിലാണ് പൃഥ്വിരാജ്. ചിത്രത്തിനായി മുപ്പതു കിലോയോളം കുറച്ച് കട്ടത്താടിയും തീർത്തും മെലിഞ്ഞ രൂപവുമായാണ് പൃഥ്വിരാജ് മാറിയിരിക്കുന്നത്.

കഥാപാത്രത്തിനായി മെലിഞ്ഞുവെങ്കിലും ഈ സാഹസം ഏറ്റെടുക്കാൻ ആരോടും പറയില്ല എന്ന് പൃഥ്വിരാജ് പറയുന്നു. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.