ലോറസ് അവാര്‍ഡ് വേദിയില്‍ ഹൃദയംതൊടുന്ന വാക്കുകളുമായി സച്ചിന്‍: വീഡിയോ

February 19, 2020

ഒരു രാജ്യത്തിന്‍റെ മുഴുവന്‍ സ്‌നേഹം ഹൃദയത്തിലേറിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലോറസ് അവാര്‍ഡ് വേദിയിലെത്തിയത്. കായിക ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്‌കാരമാണ് താരത്തെതേടിയെത്തിയത്.

ലോറസ് പുരസ്‌കാര വേദിയില്‍വെച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു. ആരുടേയും ഹൃദയം തൊടുന്നതാണ് താരത്തിന്റെ വാക്കുകള്‍. ”1983-ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ പത്ത് വയസ്സായിരുന്നു എന്റെ പ്രായം. ലോകകപ്പിന്റെ പ്രാധാന്യം അന്നെനിക്ക് ശരിക്കും മനസ്സിലായില്ല. എന്നാല്‍ ചുറ്റുമുള്ളവര്‍ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ ഞാനും അവര്‍ക്കൊപ്പം കൂടി. ആ സന്തോഷം ഒരിക്കല്‍ എനിക്കും അനുഭവിക്കണം എന്നു തോന്നി. അങ്ങനെയാണ് എന്റെ ക്രിക്കറ്റ് യാത്ര തുടങ്ങുന്നത്.’ സച്ചിന്‍ പറഞ്ഞു.

Read more: അന്ധത മറന്ന് ഉള്‍ക്കാഴ്ച കൊണ്ട് മനോജ് നീന്തിക്കടന്നത് പെരിയാര്‍

”ലേകകപ്പ് ലഭിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. 22 വര്‍ഷം ഞാന്‍ ആ സ്വപ്‌നത്തിന് പിന്നാലെയായിരുന്നു. ആറാമത്തെ പരിശ്രമത്തില്‍ ആ കപ്പ് എന്റെ കൈകളിലെത്തി. ലോറസ് പുരസ്‌കാരം എനിക്ക് മാത്രമുള്ളതല്ല, നമ്മള്‍ കായികതാരങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്”, സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സച്ചിന്റെ വാക്കുകളെ സ്വീകരിച്ചത്.

Read more: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന പ്രിന്‍സിപ്പല്‍; വൈദികന്റെ ഡാന്‍സിന് കൈയടി

2011-ല്‍ ഇന്ത്യയില്‍ വെച്ചുനടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ വിജയകിരീടം ചൂടിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെ തോളിലേറ്റി മൈതാനം വലംവെച്ച നിമിഷമാണ് രണ്ടു പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായികനിമിഷം. ‘ഒരു രാജ്യത്തിന്റെ തോളിലേറി…’ എന്ന കുറിപ്പോടെയാണ് ഈ ചിത്രം ലോറസ് സ്‌പോര്‍ട്‌സ് അക്കാദമി അന്തിമ പട്ടികയില്‍ വോട്ടിങ്ങിനായി ഉള്‍പ്പെടുത്തിയത്.