‘ഇങ്ങനൊന്നും ചെയ്യരുതേ ലാലേട്ടാ എന്ന് അനൂപ് എഴുതിയത് അതുകൊണ്ടാണ്’- മോഹൻലാലിൻറെ ആത്മ സമർപ്പണത്തെ കുറിച്ച് സംവിധായകൻ സിദ്ദിഖ്

February 1, 2020

‘ബിഗ് ബ്രദർ’ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു മോഹൻലാൽ കൈയ്യിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായത്. കുടുംബവുമൊന്നിച്ചുള്ള യാത്രയ്ക്കിടയിൽ പറ്റിയ പരിക്കുമായിട്ടാണ് മോഹൻലാൽ ‘ബിഗ് ബ്രദറി’ൽ സംഘട്ടന രംഗങ്ങളിലൊക്കെ അഭിനയിച്ചത്.

എന്നാൽ പരിക്കിന്റെ കാര്യമൊന്നും അദ്ദേഹം അണിയറ പ്രവർത്തകരെ അറിയിച്ചില്ല. ശസ്ത്രക്രിയക്കായി പോയപ്പോൾ മാത്രമാണ് ഇത്ര ഗൗരവമായ പരിക്ക് ആയിരുന്നു എന്ന് അവർ മനസിലാക്കിയത്. അതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് സംവിധായകൻ സിദ്ദിഖ്.

‘വിദേശത്ത് ഫാമിലിക്കൊപ്പമുള്ള യാത്രക്കിടെ പറ്റിയതാണത്. ഷൂട്ടിനിടയില്‍ ആദ്യമൊന്നും ലാല്‍ ഞങ്ങളെ അത് അറിയിച്ചില്ല. ചെറിയ വേദനയല്ലേ ഉള്ളൂ എന്ന് പറഞ്ഞു ഫൈറ്റ് ചെയ്തു. കൈയിലെ പരിക്കും വച്ചു കൊണ്ട് നാലു ദിവസമാണ് ഫൈറ്റ് ചെയ്തത്. അത് നിസാര കാര്യമല്ല. ഇങ്ങനൊന്നും ചെയ്യരുതേ ലാലേട്ടാ എന്ന് അനൂപ് എഴുതിയത് അതുകൊണ്ടാണ്. എനിക്കു സുഖമില്ല ഷൂട്ടിംഗ് നിര്‍ത്തിവയ്ക്ക് എന്ന് വേണമെങ്കില്‍ ലാലിനു പറയാം.

ഓപ്പറേഷനു വേണ്ടി പോകുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഞങ്ങള്‍ പോലും മനസിലാക്കുന്നത്. ഒന്നു പറഞ്ഞിരുന്നെങ്കില്‍ ഷൂട്ടിംഗ് നിറുത്തി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഹേയ്… നിറുത്തിവച്ചാല്‍ നമ്മുടെ റിലീസൊക്കെ മാറ്റി വയ്ക്കണ്ടേ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്’. സിദ്ദിഖ് പറയുന്നു. മുൻപ് അനൂപ് മേനോനും മോഹൻലാലിൻറെ ഈ ആത്മസമർപ്പണത്തെ കുറിച്ച് പങ്കുവെച്ചിരുന്നു.