ആര്‍ദ്രമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങി മനോഹരമായ ഒരു പ്രണയഗാനം

February 6, 2020

ചില പാട്ടുകള്‍ അങ്ങനെയാണ്. അവയങ്ങനെ ഹൃദയത്തിലേക്ക് പെയ്തിറങ്ങും. പ്രത്യേകിച്ച് പ്രണയഗാനങ്ങള്‍. ആര്‍ദ്രമായ ഒരു പ്രണയഗാനം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അന്‍വര്‍ അലിയുടേതാണ് വരികള്‍. സച്ചിന്‍ ബാലു സംഗീതം പകര്‍ന്നിരിക്കുന്നു. ഷഹബാസ് അമനും സിതാരയും ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പതിഞ്ഞ താളത്തിലുള്ള ഗാനം നേര്‍ത്ത ഒരു മഴ പോലെ ആസ്വാദക ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്നു.

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു അന്തിക്കാട് ആണ്. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നത്.

എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സച്ചിന്‍ ബാലുവാണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന്റേത്.

Read more: മഞ്ഞിലൂടെ സ്ലെഡ്ജില്‍ കൂളായി സ്വയം തെന്നി നീങ്ങുന്ന നായ; വൈറല്‍ വീഡിയോ

അന്റോണിയോ മിഖായേല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വി സാജന്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരുടേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ഈ മാസം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

https://youtu.be/_k3UnLU-uis