‘ആ താടിയില്‍ ഞങ്ങളും കുടുങ്ങുമല്ലോ’; പൃഥ്വിയുടെ താടിക്ക് സുപ്രിയയുടെ ട്രോള്‍

February 12, 2020

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലുമൊക്കെ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട് പൃഥ്വിരാജിന്റെ ചില കുടുംബ വിശേഷങ്ങള്‍. താരത്തിന്റെ ഭാര്യ സുപ്രിയ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പൃഥ്വിരാജിന്റെ ചലച്ചിത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും രസകരമായ ചില ട്രോളുകളും സുപ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നു. ഇത്തരത്തിലുള്ള ഒരു ട്രോളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നതും.

ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വിരാജ് പങ്കുവെച്ച ഒരു ചിത്രത്തിനാണ് സുപ്രിയയുടെ രസകരമായ ട്രോള്‍. താടിക്കാരനായ പൃഥ്വിരാജിന്റെ താടിയില്‍ ഒരു ആട് കുടിങ്ങിക്കിടക്കുന്ന കാരിക്കേച്ചറാണ് താരം പങ്കുവെച്ചത്. ‘ആ താടിയില്‍ ഞങ്ങളും കുടുങ്ങുമല്ലോ’ എന്ന രസകരമായ കമന്‍റ് സുപ്രിയ ചിത്രത്തിന് നല്‍കിയതോടെ കാരിക്കേച്ചര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

‘ആടുജീവിതം’ എന്ന പുതിയ ചിത്രത്തിനു വേണ്ടിയുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജ്. ഇതിനായി മുടി നീട്ടി, താടി വളര്‍ത്തിയിരിക്കുകയാണ് താരം. പൊതുവേദികളിലും ഈ ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടാറുള്ളതും. ബ്ലെസി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ആടുജീവിതം.

Read more: 24-ാം വയസില്‍ അര്‍ബുദം, പിന്നെ അതിജീവനം; തിരിച്ചുപിടിച്ച ജീവിതത്തോട് നൂറ് മടങ്ങ് സ്‌നേഹമാണെന്ന് മംമ്താ

ചിത്രീകരണത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളിനു വേണ്ടിയാണ് പൃഥ്വിരാജ് രൂപത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള പരിശീലനം കൂടിയാണ് ഈ ഇടവേള എന്നാണ് സിനിമയിലെ അവധിയെക്കുറിച്ച് താരം പറഞ്ഞത്.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗള്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.