സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

February 15, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനം കനത്ത ചൂടിൽ ചുട്ട് പൊള്ളുകയാണ്. ഇന്നലെ ചൂടിന്റെ ആധിക്യത്തിൽ കോട്ടയത്ത് തീപിടുത്തമുണ്ടായിരുന്നു. ഇന്നും കനത്ത ചൂടിന് സാധ്യതയുള്ളതിനാൽ വെയിലുള്ള സമയം പുറത്തിറങ്ങരുതെന്ന നിർദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.

ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കനത്ത ചൂടിന് സാധ്യത. വെള്ളിയാഴ്ച കോട്ടയത്തും ആലപ്പുഴയിലും വലിയ രീതിയിൽ ചൂട് അനുഭവപ്പെട്ടിരുന്നു. ആലപ്പുഴയിൽ 37.3 ഡിഗ്രിയും കോട്ടയത്ത് 37 ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെട്ടത്.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വരണ്ട കാറ്റ് കേരളത്തിലേക്ക് എത്തിയതാണ് ചൂട് കൂടാൻ കാരണം. കടൽകാറ്റ് കുറഞ്ഞതും പ്രശ്നമായി. കനത്ത ചൂടിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

Read More: ‘ഇവളെക്കണ്ടാ കാറ്റും ഇഷ്ടം കൂടി’; ഹൃദ്യം ഈ ഗാനം

12 മണിക്കും 3 മണിക്കും ഇടയിൽ പുറത്തിറങ്ങുന്നവർ കയ്യിൽ വെള്ളം കരുതണം. ഈ സമയത്ത് ജോലി ചെയ്യേണ്ടവരുടെ സമയക്രമം രാവിലെ ഏഴു മണിക്കും രാത്രി ഏഴു മണിക്കുമിടയിലായി ക്രമീകരിച്ച് നൽകണമെന്നും നിർദേശമുണ്ട്. ഫെബ്രുവരി 20നു ശേഷം വേനൽ മഴക്ക് സാധ്യത ഉണ്ടെങ്കിലും ചൂടിന് ശമനമുണ്ടാകില്ല.