ഒരാളെ ഫോണില്‍ വിളിച്ച് പാട്ട് പാടി കേള്‍പ്പിക്കാമോ എന്ന് അവതാരക, ഉടനെ നസ്രിയക്ക് ഒരു പാട്ടു സര്‍പ്രൈസുമായി ദുല്‍ഖര്‍: ചിരിവീഡിയോ

March 2, 2020

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ സൗഹൃദ നിമിഷങ്ങളും പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരമൊരു സൗഹൃദനിമിഷമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയക്ക് നല്‍കിയ ഒരു പാട്ട് സര്‍പ്രൈസാണ് ശ്രദ്ധ നേടുന്നത്.

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിനെത്തിയതായിരുന്നു ദുല്‍ഖര്‍. ഇതിനിടെയാണ് അവതാരക ഒരു ചലഞ്ച് നല്‍കിയത്. നിവിന്‍ പോളി അല്ലെങ്കില്‍ നസ്രിയ ഇവരില്‍ ആരെയെങ്കിലും ഫോണില്‍ വിളിച്ച് ഒരു പാട്ട് പാടാന്‍ സാധിക്കുമോ എന്നതായിരുന്നു ചലഞ്ച്. ഉടനെ നസ്രിയയെ ദുല്‍ഖര്‍ ഫോണില്‍ വിളിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രത്തിലെ ‘തുടക്കം മാംഗല്യം…’ എന്ന ഗാനവും പാടി കേള്‍പ്പിച്ചു. രസകരമാണ് ഈ നിമിഷങ്ങള്‍.

Read more: രസികന്‍ ഭാവങ്ങളുമായി താരങ്ങള്‍; ആ സുന്ദരഗാനം പിറന്നതിങ്ങനെ: മേക്കിങ് വീഡിയോ

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഡെസിങ് പെരിയ സ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഋതു വര്‍മ്മ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. കെ എം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തില്‍ ഐടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.