ഭക്തിസാന്ദ്രമായി ആറ്റുകാല്‍ പൊങ്കാല; കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയും
തിരുവനന്തപുരം നഗരത്തെ യാഗശാലയാക്കിമാറ്റി ആറ്റുകാല്‍ പൊങ്കാല. കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 മുതലാണ് പൊങ്കാല ചടങ്ങുകള്‍ക്ക് ആരംഭംകുറിച്ചത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ ചടങ്ങിനെത്തി.
രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പകര്‍ന്നെടുത്ത അഗ്നി തിരുമുമ്പില്‍ തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഏകദേശം 40 ലക്ഷത്തോളം ആളുകള്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് നിഗമനം.
ഉച്ചയ്ക്ക് 2.10 ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. പൊങ്കാല നിവേദിക്കുന്നതിന് 250 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.
Read more: ആദിവാസികളുടെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ‘കാന്തി’ വരുന്നു
അതേസമയം കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തില്‍ വീണ്ടും സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ നടക്കുന്നത്. കൊവിഡ് 19 രോഗലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയില്‍ നിന്നും സ്വമേധയാ വിട്ട് നില്‍ക്കണമെന്നും ആരോഗ്യ വകുപ്പ് നേരത്തതന്നെ വ്യക്തമാക്കിയിരുന്നു.