കൊവിഡ്- 19: സംസ്ഥാനത്ത് 14 കേസുകൾ സ്ഥിരീകരിച്ചു, അതീവ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ

March 11, 2020
India reports

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. സംസ്ഥാനത്ത് കൊവിഡ്- 19 ബാധിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 14 ആയത്. അതേസമയം രോഗം തടയാനുള്ള മുന്‍കുരുതല്‍ ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാരും.

എറണാകുളം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്നു പേരുടയെും ആരോഗ്യനില തൃപ്തികരമാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ 23 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. കൊവിഡ്- 19 രോഗ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിൽ അടക്കം കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉത്സവങ്ങള്‍, കല്യാണം, പൊതുപരിപാടികള്‍ എന്നിങ്ങനെ ആളുകള്‍ ഒരുമിക്കുന്ന പരിപാടികളൊക്കെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.