കൊവിഡ് 19: ജാഗ്രതയോടെ ലോകം, വീസകള്‍ റദ്ദ് ചെയ്ത് ഇന്ത്യ
ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ലോകാരോഗ്യ സംഘടന കൊവിഡ് 19-നെ മഹാമാരിയായി പ്രഖ്യാപിച്ചതോടെ കനത്ത ജാഗ്രതയിലാണ് ലോകം. ശക്തമായ നടപടികള്‍ ഇന്ത്യയും സ്വീകരിച്ചുതുടങ്ങി. നയതന്ത്ര വീസ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം.
ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. അതേസമയം കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ രണ്ട് ആഴ്ചത്തേക്ക് പൊതു അവധിയായി പ്രഖ്യാപിച്ചു. കുവൈറ്റിലെ വിമാനത്താവളങ്ങളും അടച്ചു.
കൊവിഡ് 19 നെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കേരളവും ശക്തമാക്കി. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി കേരളത്തില്‍ 3,313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.