വഴി ചോദിച്ച ലോറിക്കാരന് വഴികാട്ടാന്‍ വാഹനവുമായി മുമ്പേ ഓടി പൊലീസ്: വൈറല്‍ വീഡിയോ

March 19, 2020

‘ഒരു പൂ മാത്രം ചോദിച്ചൂ, ഒരു പൂക്കാലം നീ തന്നു…’ പാട്ടിന്റെ വരി ഓര്‍മ്മയില്ലേ… ചിലരങ്ങനെയാണ് ചെറിയൊരു സഹായം ചോദിച്ചാല്‍ വലിയ കാര്യങ്ങളായിരിക്കും ചെയ്തുതരിക. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഇത്തരമൊരു സഹായത്തെക്കുറിച്ചുളള വാര്‍ത്തകളാണ്.

ഒരു ലോറി നിറയെ ലോഡുമായി തൃശ്ശൂര്‍ മാര്‍ക്കറ്റിലേക്ക് വരികയായിരന്നു ലോറിക്കാരന്‍. എന്നാല്‍ വഴി അത്ര പരിചയമില്ല. വഴിയരികില്‍ കണ്ട പൊലീസ് ഉദ്യോഗസ്ഥനോട് വഴി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ മാര്‍ക്കറ്റിലേക്ക് പല വഴി പറഞ്ഞു കൊടുത്തെങ്കിലും തൃശ്ശൂരില്‍ ആദ്യമായെത്തിയ ലോറി ഡ്രൈവര്‍ക്ക് വഴി പിടികിട്ടിയില്ല.

Read more: കൊവിഡ് 19- ടിക് ടോക്ക് വീഡിയോയിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേരളാ പൊലീസ്‌

പിന്നെ നടന്നതാണ് സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. പൊലീസ് ജീപ്പ് ലോറിക്ക് മുമ്പേ ഓടി വഴി കാട്ടിക്കൊടുത്തു. ലോറിയിലെത്തിയ ആളുകള്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചത്. പിന്നീട് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലും വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സംഗതി വൈറലായി. സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്തനാണ് ലോറിക്കാരന് വഴികാട്ടാന്‍ ജീപ്പുമായി മുമ്പേ പോയത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍.