ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു; ആട്-3 ഉടൻ

March 1, 2020

മിഥുൻ മാനുവൽ സംവിധാനം നിർവഹിച്ച ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന കോമഡി ചിത്രത്തിന്റെ ആരാധകരായി മാറിയ അസഖ്യം പ്രേക്ഷകരുണ്ട് നമുക്കിടയിൽ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും വെള്ളിത്തിരയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ആദ്യചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയില്ലെങ്കിലും ആട് 2 ബോക്സ് ഓഫീസിൽ വമ്പിച്ച വിജയം നേടുകയും സാമ്പത്തികമായി ഏറെ ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന വാർത്ത പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

‘ആടിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് ഫെബ്രുവരി ആറിനായിരുന്നു. ഈ ദിവസം തന്നെയാണ് ആടിന്റെ രണ്ടാം ഭാഗവും  തീരുമാനിച്ചത്. എന്നാ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും’- നിർമാതാവ് വിജയ് ബാബു ഫേസ്ബുക്കിൽ നേരത്തെ കുറിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന വാർത്ത സംവിധായകനും ആരാധകർക്കായി പങ്കുവെച്ചുകഴിഞ്ഞു.

ജയസൂര്യക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു തുടങ്ങിയവർ ഒന്നിച്ച ചിത്രമാണ് ആട്. അതേസമയം മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും ഒരുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ് ബാബു- മിഥുൻ മാനുവൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‌മാൻ ആണ്.