വടംവലിയുടെ ആവേശം നിറച്ച് ‘ആഹാ’ ടീസര്‍
മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആഹാ’. വടംവലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വടംവലിയുടെ വീറും വാശിയുമെല്ലാം ആവോളം ആവാഹിച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
റബ്ബര്‍ ടാപ്പിങ്, കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്നവരെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചന. വടംവലി ഇവരുടെ ജീവിതത്തെ സൂപ്പര്‍ സ്റ്റാറുകളാക്കുന്നു. അതേസമയം കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമാണ് കോട്ടയം നീലൂരിലെ ആഹാ. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ടീം. വടംവലിക്കൊപ്പം പ്രണയത്തിനും ചിത്രത്തില്‍ പ്രാധാന്യം ഉണ്ടെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന് ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായെത്തുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന് കുമാര്‍, മനോജ് കെ ജയന്, മേഘ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.
Read more: “അപ്പോള്‍ സ്പൈ ആണല്ലേ…”; ‘ഫോറന്‍സിക്’-ലെ ഒരു മനോഹര രംഗം ഇതാ
അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ് ഇന്ദ്രജിത്ത് എന്ന താരം. 1986-ല്‍ പുറത്തിറങ്ങിയ ‘പടയണി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ഇന്ദ്രജിത്ത് സുകുമാരന്റെ അരങ്ങേറ്റം. പിന്നീട് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍’ എന്ന സിനിമയിലൂടെ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലെത്തി.
2002-ല്‍ ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘മീശമാധവന്’ എന്ന ചിത്രത്തിലെ ഈപ്പന് പാപ്പച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി താരം. മലയാളത്തിനു പുറമെ സന്തോഷ് ശിവന് സംവിധാനം നിര്‍വഹിച്ച ‘റോഡ് ടു ദ് ടോപ്പ്’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇന്ദ്രജിത്ത് മുഖം കാണിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമ്പതില്‍ അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.