ലോക്ക് ഡൗൺ കാലത്ത് ഒരുക്കാം വീട്ടിലൊരു പച്ചക്കറിത്തോട്ടം; കൃഷി ഒഴിവാക്കാൻ കാരണങ്ങൾ തിരയുന്നവരോട് കൃഷി ചെയ്യാനും കാരണങ്ങൾ പലതുണ്ട്…
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ ഇരുന്ന് എന്തു ചെയ്യും എന്നു ചിന്തിക്കുന്നവരാണ് നമ്മളിൽ മിക്കവരും. കൂടുതൽ ആളുകളും സമയം ചെലവഴിക്കുന്നത് ടെലിവിഷനും മൊബൈൽ ഫോണിലും മുന്നിലാണ്. ഇവയുടെ അമിത ഉപയോഗം കണ്ണിനും ശരീരത്തിനും ദോഷം ചെയ്യും, എന്നാൽ മനസിനും ശരീരത്തിനും ആരോഗ്യത്തിനുമൊക്കെ ഉപകാരപ്രദമാകുന്ന ഒന്നാണ് കൃഷി. അതുകൊണ്ടുതന്നെ ഈ കൊവിഡ് കാലത്ത് അല്പം കൃഷിക്കാര്യമാവാം…
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പച്ചക്കറികൾ കടകളിൽ നിന്നും അത്ര സുലഭമായി ലഭിക്കുന്നില്ല…ഇനി കിട്ടിയാലോ അതിന് അമിത വില കൊടുക്കേണ്ടതായും വരും. അതിനാൽ വീടുകളിൽ നമുക്ക് ചെറിയ കൃഷി തുടങ്ങാം.
‘സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം’ എന്ന് പഴമക്കാർ പറയാറുണ്ട്.. എന്നാൽ കാലം മാറി ഇനി ‘ആപത്ത് കാലത്ത് തൈ പത്ത് വെച്ചാൽ നല്ല കാലത്ത് കാ പത്ത് തിന്നാം’ എന്ന് നമുക്ക് മാറ്റി പറയാം…അതിന് ഈ ആപത്ത് കാലത്ത് നമുക്ക് അല്പം കൃഷിപ്പണിയാകാം.
വിത്തുകൾ ഒരു പ്രശ്നമാകില്ല
കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളത്തിൽ വീടുകളിൽ അടുക്കള തോട്ടങ്ങൾ ആരംഭിക്കണമെന്ന് ബഹു.മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ അതിന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് വിത്തുകൾ ലഭ്യമാകുന്നില്ല എന്നത്. എന്നാൽ വീട്ടിലുള്ള മുതിർന്നവരോട് ചോദിച്ചാൽ അവർ പറഞ്ഞുതരും ഇതിനൊരു എളുപ്പമാർഗം. നമ്മുടെ അടുക്കളയിൽ ഒന്ന് കയറിനോക്കു പല വിത്തുകളും അവിടെ നിന്നും ലഭ്യമാകും. ഇതിൽ മുളപ്പിച്ച് നടാവുന്ന വിത്തുകളും നമുക്ക് ലഭിക്കും.
വീടുകളിൽ നിലവിൽ ഉള്ള പച്ചക്കറികളിൽ നിന്നും അതിന്റെ അരികൾ ശേഖരിച്ച് കൃഷിക്ക് ഉപയോഗിക്കാം. പപ്പായ, തണ്ണിമത്തൻ തുടങ്ങിയ പഴവർഗങ്ങളുടെ അകത്ത് നിന്നും ലഭിക്കുന്ന കുരുക്കളും കൃഷിക്ക് ഉപയോഗിക്കാം.
വിത്തുമുളപ്പിക്കാനും ചില മാർഗങ്ങൾ
മുട്ടത്തോടിൽ ചകിരിച്ചോറു നിറച്ചോ, ഇല കൊണ്ടു കുമ്പിളുണ്ടാക്കിയോ വിത്ത് പാകാം.
മുറ്റം ഇല്ലെങ്കിൽ എന്താ ടെറസ്സിൽ കൃഷി ചെയ്യാമല്ലോ
ടെറസിലെ കൃഷിയെക്കുറിച്ച് പലരും ഇന്ന് ബോധവാന്മാരാണ്. ഇനി അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവവർ നമ്മുടെ നിരുപമ (‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രം) യുടെ കൃഷിത്തോട്ടം ഒന്ന് കണ്ടാൽ മതി. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ടെറസും ബാൽക്കണിയുമൊക്കെ കൃഷിത്തോട്ടമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് കവറിലോ പാത്രത്തിലോ പഴയ ടയറിലോ വരെ മണ്ണുനിറയ്ക്കാം.
ചെടി നടാൻ ചകിരിയും പായലും വരെ
ഇനി കൃഷി ചെയ്യാൻ മണ്ണില്ല എന്ന് പറയുന്നവർക്കായി ചകിരിയും പായലുംവരെ ചെടിനടുന്നതിനും പച്ചക്കറികൾ നടുന്നതിനുമൊക്ക ആയി ഉപയോഗിക്കാമത്രേ.
വെള്ളത്തിനും പരിഹാരം -തുള്ളി മതി നന
ജലക്ഷാമം അനുഭവപ്പെടുന്ന ഈ സമയത്ത് കൃഷിക്ക് വേണ്ടി കൂടി ജലം ഉപയോഗിക്കാൻ ഇല്ല എന്ന് പറയുന്നവരോട്, കൃഷി ചെയ്യാൻ ശുദ്ധജലം വേണ്ട. ദിവസവും നാം അനാവശ്യമായി കളയുന്ന ജലം ഒരു പാത്രത്തിൽ സൂക്ഷിച്ച് ആ ജലം നമുക്ക് കൃഷിക്കായി ഉപയോഗിക്കാം.
ഇനി കൃഷിക്ക് ധാരാളം വെള്ളം വേണമെന്ന് ചിന്തിക്കുന്നവരോട്… മൺ തരികൾക്കിടയിൽ തങ്ങി നിൽക്കുന്ന ഈർപ്പ രൂപത്തിലുള്ള വെള്ളം മാത്രമേ ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയൂ. അതായത് വളരെക്കുറച്ച് വെള്ളം മതി ചെടികൾക്ക്. വെള്ളം ഒഴിക്കുമ്പോൾ ചെടിയുടെ വേരിന് ചുറ്റും ഒഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
എളുപ്പത്തിൽ വിളവെടുക്കാൻ പറ്റുന്ന കൃഷികൾ
കൃത്യമായി പരിചാരിച്ചാൽ 21 ദിവസം കൊണ്ട് വിളവെടുക്കാൻ പറ്റുന്ന കൃഷിയാണ് ചീര. ചീര വിത്തുകൾ വിതക്കുകയോ, മുളപ്പിച്ച ശേഷം പറിച്ചുനടുകയോ ചെയ്താൽ മതി.
മഴ കിട്ടാതെ കൃഷി തുടങ്ങാമോ..?
നല്ല രണ്ട് മഴ ലഭിച്ചാൽ കൃഷിയൊക്കെ തുടങ്ങാമെന്ന് പറയുന്നവരോട്.. എല്ലാ കൃഷിക്കും മഴ ആവശ്യമില്ല. മാത്രമല്ല കോളിഫ്ളവറും കാബേജും പോലുള്ള ശീതകാല പച്ചക്കറികൾ ഒഴികെ മറ്റെല്ല പച്ചക്കറികളും ഈ കാലാവസ്ഥയിലും നമുക്ക് നടാം.
വളങ്ങൾ ഉപയോഗിക്കാം
സവോളത്തൊലി, മുട്ടത്തോട്, ചായവെള്ളം, ചാണകം, ആട്ടുംകാട്ടം, തുടങ്ങിയവയൊക്കെ വളമായി ഉപയോഗിക്കാം.
കൃഷിയിൽ കണ്ടെത്താം ആഹ്ലാദവും ആനന്ദവും
ഇതിനൊക്കെ പുറമെ മണ്ണിനെ അറിയാനും പ്രകൃതിയെ സ്നേഹിക്കാനും കൃഷി പഠിപ്പിക്കും. അതിനാൽ കുടുംബത്തോടൊപ്പം കൃഷി ചെയ്യാം.. ഈ ഇടവേളകൾ നമുക്ക് ആനന്ദകരമാക്കാം.