‘അയ്യപ്പനും കോശിയും’ തമിഴ് റീമേക്കിന് ഒരുങ്ങുന്നു

March 13, 2020

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തമിഴ് പകര്‍പ്പവകാശം എസ് കതിരേശന്‍ സ്വന്തമാക്കി. ‘ആടുകളം’, ‘ജിഗര്‍താണ്ട’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് എസ് കതിരേശന്‍. അതേസമയം തമിഴ് റീമേക്കിന്റെ സംവിധാനം ആര് നിര്‍വഹിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. താരനിര്‍ണയവും പൂര്‍ത്തിയായിട്ടില്ല.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: പായല് പിടിച്ച പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും: ചെറുതല്ല ജ്യോതിഷ് ശങ്കറിന്റെ കരവിരുത്

മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍.