യാത്രകൾ പരമാവധി ഒഴിവാക്കുക; അത്യാവശ്യക്കാർ പാസോ ഐഡി കാർഡോ കൈയിൽ കരുതുക
കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രകൾ പരമാവധി ഒഴിവാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിക്കുന്നത്. അത്യാവശ്യ യാത്രകൾ ചെയ്യുന്നവർ പാസോ ഐഡി കാർഡോ കൈയിൽ കരുതാനും നിർദ്ദേശങ്ങൾ ഉണ്ട്. രേഖകൾ ഇല്ലാത്തവരോട് കാര്യങ്ങൾ അന്വേഷിക്കണം, അനാവശ്യമായി യാത്രകൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് നിയന്ത്രണം നടപ്പിലാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഭക്ഷണം ലഭിച്ചുവെന്ന കാര്യത്തിൽ തദ്ദേശവകുപ്പ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു മാസത്തെ ക്ഷേമ പെൻഷൻ 27 ആം തിയതി മുതൽ വിതരണം ചെയ്യും. അതോടൊപ്പം എല്ലാ കുടുംബത്തിനും പൊതുവിതരണ കിറ്റുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കാനും നിർദ്ദേശങ്ങൾ ഉണ്ട്. ഭക്ഷണം ആവശ്യമുള്ളവരുടെ കണക്കുകളും പാചകക്കാരെയും പഞ്ചായത്ത് ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തണം. ഭക്ഷണം വേണ്ടവർക്ക് വിളിക്കുന്നതിനാവശ്യമായ ഫോൺ നമ്പർ ക്രമീകരിക്കണം.
അതേസമയം ഇന്ന് 9 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. എറണാകുളം മൂന്ന്, പത്തനംതിട്ട രണ്ട്, കോഴിക്കോട് ഒന്ന്, പാലക്കാട് രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.