‘ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസിലാകും മല്ലിക ചേച്ചി’- ഹൃദയം തൊട്ടൊരു കുറിപ്പ്
‘ആടുജീവിത’ത്തിനായി പൃഥ്വിരാജ് നടത്തിയ മെയ്ക്കോവർ ആണ് സമൂഹ മാധ്യമങ്ങളിലും സിനിമ ലോകത്തും ചർച്ചാവിഷയം. നജീബ് എന്ന കഥാപാത്രത്തിനായി അങ്ങേയറ്റം ആത്മസമർപ്പണമാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. മെലിഞ്ഞ് താടി നീട്ടിയ ലുക്കിലുള്ള പൃഥ്വിരാജ് ആരാധകരിൽ ആവേശം നിറയ്ക്കുന്നുണ്ടെങ്കിലും കുടുംബത്തെ സംബന്ധിച്ച് വളരെ ആശങ്കയാണ്. സിനിമ കുടുംബമാണെങ്കിലും ഒരു സിനിമ നടിയായ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന് വളരെ ആശങ്കയാണ് മകന്റെ ഈ രൂപമാറ്റം സൃഷ്ടിക്കുന്നത്.
മല്ലിക സുകുമാരന്റെ നൊമ്പരം തനിക്ക് മനസിലാകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു ‘അമ്മ. സമീർ എന്ന സിനിമയ്ക്കായി സമാനമായി രൂപമാറ്റം നടത്തിയ ആനന്ദ് റോഷന്റെ അമ്മ നിഷയാണ് മല്ലിക സുകുമാരനായി ഒരു കുറിപ്പെഴുതിയത്.
‘ആടുജീവിതത്തിനു’ വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജുവിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികൾ മുഴുവൻ ചേച്ചിയുടെ മകനു വേണ്ടി പ്രാർത്ഥിക്കാനുണ്ട്. കൂടെ ഞങ്ങളും.
ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ ‘സമീർ’ എന്ന സിനിമക്കു വേണ്ടി എന്റെ മകൻ (ആനന്ദ് റോഷൻ) നടത്തിയ തയാറെടുപ്പുകാലത്തെ കഷ്ടപ്പാടുകൾ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.
ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….വളരെ ചെറിയ അളവിൽ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ഷൂട്ടിങ്ങ് പെർമിഷൻ രണ്ടു മാസം കൂടി നീണ്ടു പോയപ്പോൾ തടി കുറവ് നിലനിർത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടോ വല്ല കൂസലും. ഒറ്റക്കായിരുന്നു ചേച്ചി ,അനുഭവിച്ചത് മുഴുവൻ. ഷൂട്ടിങ്ങ് മുഴുവൻ തീർന്ന് ശരീരം വീണ്ടെടുത്തപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും’. നിഷ കുറിക്കുന്നു.
ആനന്ദ് റോഷനെ നായകനാക്കി റഷീദ് പാറയ്ക്കല് ഒരുക്കിയ ചിത്രമാണ് ‘സമീർ’. ചിത്രത്തിനായി ആനന്ദ് കടന്നുപോയ വഴികളിലൂടെയാണ് ഇപ്പോൾ പൃഥ്വിരാജ്. ‘ആടുജീവിത’ത്തിലെ നജീബ് ആകാൻ കഠിനമായ ഡയറ്റ് നിയന്ത്രണത്തിലൂടെ മെലിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. കൂടുതൽ ലുക്ക് മാറ്റത്തിനായി രാജ്യം വിടുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അദ്ദേഹം വിദേശത്തേക്ക് യാത്രയായിരിക്കുകയാണ്.