ലക്ഷം കവിഞ്ഞ് കൊറോണ ബാധിതർ; ഫേസ്ബുക്ക് അടക്കമുള്ള ഓഫീസുകൾ അടച്ചു

March 7, 2020

ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. കൊവിഡ് 19 വ്യാപനം തടയാൻ ശക്തമായ നടപടികൾ ആരോഗ്യസംഘടനങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം കൊവിഡ് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അടക്കം കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ 31 പേർക്കാണ് കൊവിഡ് – 19 സ്ഥിരീകരിച്ചത്. കുവൈത്തിൽ ഇതുവരെ 58 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറാനിലും ഇറ്റലിയിലും നിരവധിപ്പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3495 ആയി. ഇതുവരെ അസുഖം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

രോഗം പടരുന്ന സാഹചര്യത്തിൽ നിരവധി ഓഫീസുകൾ താത്കാലികമായി അടച്ചു. നിരവധി സ്ഥാപങ്ങൾ വർക്ക് ഫ്രം ഹോമും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫീസും സിങ്കപ്പൂർ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു. ഫേസ്ബുക്കിന്റെ സിംഗപ്പൂർ ഓഫീസിലെ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും ഈ രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.