യാത്രയുടെ ചാരുതയ്‌ക്കൊപ്പം ടൊവിനോയുടെ ‘മംഗ്ലീഷ്’ ഡയലോഗുകളും: സുന്ദരം ഈ ഗാനം

March 6, 2020

‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്..’ മലയോളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു മറുപടിയാണ് ഇത്. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഒരു സിനിമയുടെ പേരായിരിക്കുകയാണ്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തെത്തി.

ചിത്രത്തിലെ പാരാകെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ദൃശ്യഭംഗിയിലും ഗാനം മികച്ചുനില്‍ക്കുന്നു.

ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ പ്രേക്ഷകരിലേക്കെത്തുക. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’.

Read more: ഓട്ടോഡ്രൈവര്‍ ഹൃദയങ്ങള്‍ കീഴടക്കിയ നടനായപ്പോള്‍…; പ്രിയ ‘മണിനാദം’ നിലച്ചിട്ട് നാല് വര്‍ഷം

ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദും അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക.