സ്കൂൾ പരീക്ഷകൾ മാറ്റില്ല; കർശന ജാഗ്രതാ നിർദ്ദേശം
കൊറോണ വൈറസിനെത്തുടർന്ന് പരീക്ഷകൾ മാറ്റിവയ്ക്കും എന്നതരത്തിൽ വരുന്നത് വ്യാജ വാർത്തകൾ ആണെന്നും എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ തന്നെ ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയവർക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്നും, ഐസൊലേഷനിൽ ഉള്ളവർക്ക് സേ പരീക്ഷയ്ക്കുള്ള അവസരങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുകാരിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. പത്തനംതിട്ടയിൽ കൊറോണ ബാധിച്ച അഞ്ച് പേർക്ക് പുറമെ 13 പേരിൽ കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. പത്തനംതിട്ടയിലും കൊല്ലത്തും അഞ്ച് പേർക്ക് വീതവും കോട്ടയത്ത് മൂന്ന് പേരിലുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി അടുത്ത് ഇടപഴകിയ തൃശൂർ ജില്ലയിലെ 11 പേരും നിരീക്ഷണത്തിലാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ സംസ്ഥാനത്ത് സജ്ജമായി. 0471 2309250, 0471 2309251, 0471 2309252 എന്നിങ്ങനെയാണ് കോൾ സെന്റർ നമ്പരുകൾ. കോവിഡ് 19 കൺട്രോൾ റൂം നമ്പർ: 0481 2581900. ദിശ ഹെൽപ്‌ലൈൻ നമ്പർ : 1056.