നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍; കൈയടി നേടി കമ്മലും കൊലുസുമിട്ട കുട്ടി ആടുതോമ: വീഡിയോ

March 19, 2020

കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു. പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളാണ് പലരും സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചു മിടുക്കി.

കൊച്ചുമിടുക്കിയുടെ ഡബ്സ്മാഷ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വെള്ളിത്തിരയില്‍ കൈയടി നേടിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ‘ആടുതോമ’ എന്ന കഥാപാത്രത്തെ പുനഃരവതരിപ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. മുണ്ടുടുത്ത് കൂളിങ് ഗ്ലാസും വെച്ചാണ് മിടുക്കിയുടെ പ്രകടനം. ഭാവാഭിനയം കൊണ്ടും ഡയലോഗു കൊണ്ടും ഈ കുട്ടി ആടുതോമ കൈയടി നേടുന്നു. കമ്മലും കൊലുസുമിട്ട ആടു തോമയ്ക്ക് മികച്ച വരവേല്‍പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിയ്ക്കുന്നതും.

‘സ്ഫടികം’ സിനിമയിലേതാണ് ആടുതോമ എന്ന കഥാപാത്രം. 1995-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഭദ്രന്‍ ആണ്. മോഹന്‍ലാല്‍, തിലകന്‍, രാജന്‍ പി ദേവ്, ഉര്‍വ്വശി, കെപിഎസി ലളിത, ഇന്ദ്രന്‍സ്, ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.