കൊവിഡ് 19 – ‘വൺ’, ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസ് നീളും

March 10, 2020

കൊറോണ ഭീതി കേരളത്തിൽ പടരുമ്പോൾ അതീവ ജാഗ്രത പുലർത്തുകയാണ് ജനങ്ങൾ. ആളുകൾ കൂട്ടം കൂടുന്ന എല്ലാ അവസരങ്ങളും ഒഴിവാക്കാനാണ് സർക്കാർ നിർദേശം. സിനിമ തിയേറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ അറിയിപ്പുണ്ട്. ഇതേതുടർന്ന് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ റിലീസ് നീട്ടിയിരുന്നു.

ഈ മാസം റിലീസിന് തയ്യാറായി ബ്രഹ്മാണ്ഡ ചിത്രങ്ങളുമുണ്ട്. ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’, ‘വൺ’ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. എന്നാൽ കൊവിഡ്-19 ഭീതിയെ തുടർന്ന് ഈ ചിത്രങ്ങളുടെയും റിലീസ് നീളും. കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയതോടെ കൂടുതല്‍ ജാഗ്രതയിലാണ് സംസ്ഥാനം. രോഗം തടയാനുള്ള മുന്‍കുരുതല്‍ ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാരും.

ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. കോളജുകളും പ്രഫഷണല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. പരീക്ഷകള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.