മരക്കാറിന് ലഭിച്ച ദേശീയ അംഗീകാരം രണ്ട് സംവിധായകര്‍ക്കായി സമര്‍പ്പിച്ച് പ്രിയദര്‍ശന്‍

June 2, 2021
Priyadarshan dedicates Marakkar National Award to Remesh Sippy and David Lean

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാര്‍. മലയാള ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും മുന്‍പേ ദേശീയ തലത്തില്‍ ചിത്രം കൈയടി നേടി. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച വിഷ്വല്‍ എഫക്ടസിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു

മരക്കാറിന് ലഭിച്ച മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം രണ്ട് പ്രമുഖ സംവിധായകര്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പിക്കും വലിയ ഫ്രെയിമുകളില്‍ ചിത്രമൊരുക്കാന്‍ പഠിപ്പിച്ച ഡേവിഡ് ലീനിനുമാണ് പുരസ്‌കാരം പ്രിയദര്‍ശന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Read more: ജിപിയ്ക്കൊപ്പം റോണ ജോ; റിലീസിനൊരുങ്ങി ക്രിസ്റ്റഫർ കൊളംബസ്

അതേസമയം സാങ്കേതിക മികവില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പകുതിയും നാവികയുദ്ധമാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമയുടെ നിര്‍മാണം.

Story highlights: Priyadarshan dedicates Marakkar National Award to Remesh Sippy and David Lean