“അന്വേഷണങ്ങള്‍ക്ക് നന്ദി, ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്”: പൃഥ്വിരാജ്
‘ആടുജീവിതം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് അടങ്ങുന്ന സിനിമാ സംഘം ജോര്‍ദ്ദാനിലാണ്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയതോടെ സിനിമ സംഘം ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“സുരക്ഷിതരായിരിക്കൂ… ഇതും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. പ്രിയപ്പെട്ടവരില്‍ നിന്നു പോലും അകലം പാലിക്കേണ്ട സമയമാണ് ഇത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാന്‍ സാധിക്കൂ.
എന്റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടേയും സുരക്ഷയെക്കരുതി മെസ്സേജുകള്‍ അയച്ച് വിവരങ്ങള്‍ അന്വേഷിച്ച എല്ലാവര്ക്കും നന്ദി. ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. അതിനാലാണ് ചിത്രീകരണം തുടരാന്‍ തീരുമാനിച്ചത്. യൂണിറ്റിലെ ഓരോ അംഗങ്ങള്‍ക്കും മെഡിക്കല്‍ ചെക്കപ്പും നടത്തി. ലൊക്കേഷന്‍ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ അപകടമില്ല.
യൂണിറ്റിലെ രണ്ട് നടന്മാര് ക്വാറന്റെയിനിലാണ്. അമ്മന്‍ എന്ന സ്ഥലത്താണ് അവര്‍. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ചത്തെ ക്വാറന്റെയിന് സമയം കഴിഞ്ഞ് അവര്‍ മടങ്ങിയെത്തും.”
ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.