ക്വേഡൻ ഇനി മലയാള സിനിമയിൽ അഭിനയിക്കും- പക്രുവിന്റെ ഉറപ്പ്

March 19, 2020

ലോകമെമ്പാടുമുള്ളവരെ സങ്കടപ്പെടുത്തിയ കാഴ്ചയായിരുന്നു ക്വേഡൻ ബെയിൽസ് എന്ന കുട്ടിയുടെ കരച്ചിൽ. ഉയരക്കുറവിന്റെ പേരിൽ പരിഹസിക്കപ്പെട്ട ക്വേഡൻ അമ്മയുടെ മുന്നിൽ പൊട്ടിക്കരയുന്നതും തന്നെ കൊന്നുതരാമോ എന്ന് ചോദിക്കുന്നതും വീഡിയോയിലൂടെ പ്രചരിച്ചിരുന്നു.ഒട്ടേറെ പ്രമുഖർ ഇതോടെ ക്വേഡന് വേണ്ടി ശബ്ദമുയർത്തി. മലയാളത്തിൽ നിന്നും നടൻ പക്രു സ്വന്തം അവസ്ഥകളും അതിലൂടെ ഗിന്നസിന്റെ നെറുകയിലെത്തിയതും പങ്കുവെച്ചിരുന്നു.

പിന്നാലെ പക്രുവിന്റെ ജീവിതകഥ അറിഞ്ഞു ഓസ്‌ട്രേലിയൻ വംശജനായ ക്വേഡനും അമ്മയും അദ്ദേഹത്തിന് നന്ദി അറിയിച്ചു.ഒരു നടനാകാൻ ആഗ്രഹിക്കുന്ന മകന് പക്രുവിന്റെ വാക്കുകൾ പ്രചോദനമായി എന്നും കാണാൻ ആഗ്രഹമുണ്ടെന്നും അമ്മ അറിയിച്ചു.

ഇപ്പോൾ ക്വേഡന് അഭിനയിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് പക്രു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ഈ വാർത്ത പുറത്ത് വിട്ടത്.

“ക്വേഡന് മലയാള സിനിമയിൽ അവസരം”
കൊറോണ രോഗ ഭീതി യൊഴിഞ്ഞാലുടൻ
നമ്മൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ കാണുന്നു ‘സ്വാഗതം . ടീം” ജാനകി..

എന്തായാലും പക്രുവിന്റെ പ്രഖ്യാപനം ക്വേഡന് ആവേശം പകരുമെന്ന് ഉറപ്പാണ്. കൊറോണയുടെ പ്രശ്നങ്ങൾ അവസാനിച്ചാൽ കേരളത്തിലേക്ക് എത്താൻ ക്വേഡനെ പക്രു ക്ഷണിച്ചിട്ടുണ്ട്.