‘ഫേസ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക്ക് ചെയ്തുകളഞ്ഞു!’- രസകരമായ അനുഭവം പങ്കുവെച്ച് ശ്രീനിവാസൻ

March 8, 2020

സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ആളാണ് ശ്രീനിവാസൻ. എന്നാൽ പെട്ടെന്നൊരു ദിവസം ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ വളരെ പെട്ടെന്നാണ് സുഹൃത്തുക്കളുടെ എണ്ണം കൂടിയത്. ആളുകളുടെ എണ്ണം കൂടിയതോടെ ശ്രീനിവാസന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കുമാക്കി. ഒരുവർഷത്തിന് ശേഷം അക്കൗണ്ട് വീണ്ടെടുത്തതിന് ശേഷം വളരെ രസകരമായി ആ സംഭവം പങ്കുവയ്ക്കുകയാണ് ശ്രീനിവാസൻ.

ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ്;

‘വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ? ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക്ക് ചെയ്തുകളഞ്ഞു!

അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു.
എന്തായാലും മകൻ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക്ക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും.

Read More:‘ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവെടാ’- സെൽഫ് ട്രോളുമായി ടൊവിനോ തോമസ്; ശ്രദ്ധേയമായി ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ട്രെയ്‌ലർ

തന്റെ ഏറ്റവും പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ശ്രീനിവാസൻ. ‘ഒരു അഡാർ ലൗ’ താരം റോഷൻ ശ്രീനിവാസനൊപ്പം പുതിയ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തിരക്കഥയിലും അഭിനയത്തിലും സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീനിവാസൻ. അച്ഛന്റെ പാത പിന്തുടർന്ന് മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമ രംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു.