സുന്ദര കാഴ്ചകളുടെ തേനൊഴുക്കുന്ന തെന്മല

March 7, 2020

മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമൊക്കെ അതീതാണ് പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിസ്മയങ്ങള്‍. നയനമനോഹരമായ കാഴ്ചകള്‍ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്കും അന്ത്യമില്ല. ഹരിതാഭയും പച്ചപ്പും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് മനോഹരമായ ഇടമാണ് തെന്മല. കൊല്ലം ജില്ലയിലെ തെന്മല.

2001ലാണ് ഈ ഇക്കോ ടൂറിസം പദ്ധതിക്ക് ആരംഭം കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ് ഇവിടം. തെന്മല ഇക്കോടൂറിസം പ്രൊമോഷണല്‍ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പവകാശം. ചന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനവും തെന്മലയാണ്.

മൂന്ന് മേഖലകലകളാണ് തെന്മല ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മേഖലകള്‍.

ശലഭ ഉദ്യാനമാണ് തെന്മലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വ്യത്യസ്തമായ 120 ഇനങ്ങളോളം ശലഭങ്ങള്‍ ഉണ്ട് ശലഭോദ്യാനത്തില്‍. ഒപ്പം ശലഭത്തിന്റെ ജീവിത ചക്രം വിവരിക്കുന്ന ശില്പങ്ങളും. സഞ്ചാരികള്‍ക്ക് ശലഭങ്ങളുടെ ചിത്രങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

തെന്മലയില്‍ ഒരു നക്ഷത്ര വനമുണ്ട്. 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളാണ് നക്ഷത്ര വനത്തിലുള്ളത്. ഓരോ വ്യക്ഷവും ഏത് നക്ഷത്രവുമായി ബന്ധപ്പട്ടതാണെന്നുള്ള കുറിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു. തെന്മലയിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് മാന്‍ പുനരധിവാസ കേന്ദ്രം. വിവിധ തരത്തിലുള്ള മാനുകള്‍ ഉണ്ടിവിടെ.

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് തെന്മലയിലെ ലെഷര്‍ സോണ്‍. ആഫി തീയേറ്റര്‍, റെസ്റ്റോറന്റ്, ഷോപ് കോര്‍ട്ട് എന്നിവ ലെഷര്‍ സോണില്‍ ഉള്‍പ്പെടുന്നവയാണ്. ഇവിടെ കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളും മറ്റ് വനവിഭവങ്ങളും ലഭ്യമാണ്. വിശ്രമിക്കാന്‍ ഏറുമാടങ്ങളുമുണ്ട്.

Read more: മെലിഞ്ഞുണങ്ങിയ വിരൂപയെന്ന് കളിയാക്കിയവരോട് നിറചിരിയോടെ മറുപടി നല്‍കിയ ലിസി: അറിയണം ഈ ജീവിതം

തെന്മലയിലെ മറ്റൊരു ആകര്‍ഷണമാണ് ശില്‍പോദ്യാനം. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന നിരവധി പ്രതിമകള്‍ ഇവിടെ കാണാം. തെന്മലയോട് ചേര്‍ന്നാണ് പരപ്പാര്‍ അണക്കെട്ടും സ്ഥിതി ചെയ്യുന്നത്. കല്ലട ജലസേചന പദ്ധതിയ്ക്കായി നിര്‍മിച്ചതാണു ഈ അണക്കെട്ട്. അണക്കെട്ടിന് ഇരുവശവും കാടുകളാണ്. നയനമനോഹരമാണ് അണക്കെട്ടിന് മുകളിലൂടെയുള്ള യാത്ര. സഞ്ചാരികള്‍ക്കായി പരപ്പാര്‍ തടാകത്തിലൂടെ ബോട്ട് യാത്രയ്ക്കുള്ള സൗകര്യവുമുണ്ട്.

ഒരു മണിക്കൂറാണ് ബോട്ട് യാത്രയുടെ ദൈര്‍ഘ്യം. ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളെ ബോട്ട് യാത്രയ്ക്കിടയില്‍ കാണാന്‍ സാധിക്കും. മനോഹരമായ ഒരു സംഗീത ജലധാരയുമുണ്ട് തെന്മലയില്‍. സംഗീതത്തിന് അനുസരിച്ച് ജലധാര വിവിധ വര്‍ണ്ണങ്ങളില്‍ നൃത്തം ചെയ്യുന്നു. എന്നാല്‍ രാത്രിയില്‍ മാത്രമാണ് ജലധാര ആസ്വദിക്കാന്‍ അവസരം.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി സാഹസിക മേഖലയുമുണ്ട് തെന്മലയില്‍. മൗണ്ടന്‍ ബൈക്കിങ്, റോപ്പിങ്, തൂക്കുപാലം, നെറ്റ് വാക്കിങ് തുടങ്ങിയവയാണ് സാഹസിക മേഖലയില്‍ ഉള്‍പ്പെടുന്നത്. വിനോദസഞ്ചാരികളുടെ സഹായത്തിനായി ഗൈഡുകളുമുണ്ട്. ഹണി ഹില്‍ എന്ന ഒരു പേരു കൂടിയുണ്ട് തെന്മലയ്ക്ക്. ഗുണനിലവാരമുള്ള തേന്‍ തെന്മലയില്‍ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളിലൊന്നാണ് തെന്മല ഇക്കോ ടൂറിസം.