“ടീമിലേക്ക് ഇനി ഒരു മടങ്ങിവരവിന് സാധ്യതയില്ല”; ധോണിയെക്കുറിച്ച് സേവാഗ്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിങ് ധോണി ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ധോണിയുടെ അഭാവം നിരത്താനുള്ള സാധ്യതകള്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും സേവാഗ് പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീണ്ടുപോകുന്നതിനാല്‍ ധോണിയുടെ മടങ്ങിവരവ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് സേവാഗ് ഇങ്ങനെ പ്രതികരിച്ചത്.
‘ധോണിയെ ഇനി എവിടെ ഉള്‍ക്കൊള്ളിക്കാനാണ്? ഋഷഭ് പന്തും കെ എല്‍ രാഹുലും മികച്ച ഫോമില്‍ കളിക്കുന്ന സമയമാണിത്. ഇനി ധോണിയെ സെലക്ടര്‍മാര്‍ ടീമിലേക്ക് മടക്കികൊണ്ടുവരുമെന്ന് തോന്നുന്നില്ല.’ സേവാഗ് പറഞ്ഞു. എന്നാല്‍ ഐപിഎല്ലിനു വേണ്ടി ധോണി അടുത്തിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
Read more: കടലുകളില്‍ കവര്‍ പൂത്തുകിടക്കുമ്പോള്… അറിയാം ‘തണുത്ത വെളിച്ച’ത്തെക്കുറിച്ച്
അതേസമയം കുറച്ചു നാളുകളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്രസിങ് ധോണി. എന്നാല്‍ പലപ്പോഴും വാര്‍ത്തകളില്‍ അദ്ദേഹം ഇടം നേടാറുണ്ട്. 2019 ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്രിക്കറ്റില്‍ നിന്നും താല്കാലികമായി വിട്ടു നില്‍ക്കുകയാണ് താരം. ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നുകൂടി പുറത്തായതോടെ ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.