ലോക്ക് ഡൗൺ: ഈ ദിവസങ്ങളിൽ ഫോണിൽ കൂടുതൽ സമയം ചെലവിടരുത്, ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ നിർദ്ദേശിച്ച് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് എന്ന മഹാമാരിയെത്തുടർന്ന് ലോകം മുഴുവൻ കനത്ത ജാഗ്രതയിലാണ്. രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീടുകളിൽ കഴിഞ്ഞുകൂടുന്നവർ കൂടുതലും ആശ്രയിക്കുന്നത് മൊബൈൽ ഫോണും ഇന്റെർനെറ്റുമൊക്കെയാണ്, എന്നാൽ ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിതെളിയ്ക്കുന്നത്. ഈ പശ്ചാത്തലത്തിൽ വീട്ടിൽ ഇരിക്കുന്നവർക്ക് ചെയ്യാൻ അഞ്ച് നിർദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്നത്.
*കൃത്യമായി വ്യായാമങ്ങൾ ചെയ്യുക: ഈ ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുമ്പോൾ വ്യായാമങ്ങളിൽ ഏർപ്പെടുക. ഇതിന് ഓൺലൈൻ ക്ലാസുകളും ഇപ്പോൾ ലഭ്യമാണ്.
*പാട്ട് വെച്ച് നൃത്തം ചെയ്യുക : വീടുകളിൽ കഴിഞ്ഞുകൂടുമ്പോൾ കടുത്ത മാനസീക സമ്മർദ്ദം ഉള്ളവർക്ക് മികച്ചൊരു പരിഹാരമാർഗമാണ് പാട്ടുവെച്ച് നൃത്തം ചെയ്യുക എന്നത്. മനസിനും ശരീരത്തിനും ഒരു പോലെ ഉണർവും ഉന്മേഷവും നൽകുന്നതിനും ഇത് സഹായിക്കും.
*വീഡിയോ ഗെയിമുകൾ കളിക്കുക : വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ കൃത്യമായ സമയക്രമീകരണം നിശ്ചയിക്കുന്നതും നല്ലതാണ്. കൂടുതൽ സമയം ഇതിനായി ചെലവഴിക്കുന്നത് കണ്ണിന് നല്ലതല്ല. അതിനാൽ കൃത്യമായ നിയന്ത്രണങ്ങളോടെ മാത്രം വീഡിയോ ഗെയിമുകൾ കളിക്കുക.
*സ്കിപ്പിംഗ് ചെയ്യാം : ശാരീരികവും മാനസികവുമായ അലസതകൾ മാറ്റാൻ സ്കിപ്പിംഗ് നല്ലൊരു മാർഗമാണ്.
*മസിലുകൾക്ക് ബലവും ബാലൻസും ലഭിക്കുന്ന വ്യായാമങ്ങൾ ശീലമാക്കുക.