കൊവിഡ് അടുക്കളയിലെ നന്മ; കാത്തിരിപ്പിന് ശേഷം സജ്‌നയെത്തേടിയെത്തിയ സമ്മാനം

April 22, 2020

എറണാകുളത്ത് സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ ന‍ടത്തുന്ന ‘കൊവിഡ് അടുക്കള’യ്ക്ക് സ്വീകാര്യത കൂടിവരികയാണ്. ദിവസവും നിരവധിപ്പേരാണ് ഇവിടെ നിന്നും ഭക്ഷണം കഴിക്കാനെത്തുന്നത്. ദിവസവും 4000-ത്തോളം പേർക്കുള്ള ഭക്ഷണമാണ് ഇവിടെ നിന്നും നൽകിവരുന്നത്. ഇപ്പോഴിതാ കൊവിഡ് അടുക്കളയിൽ നിന്ന് ഒരു സന്തോഷ വാർത്ത പുറത്ത് വിടുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. കൊവിഡ് അടുക്കളയിലെ അം​ഗങ്ങളായ ഷമീർ-സജ്ന ദമ്പതികളെക്കുറിച്ചാണ് ബാദുഷയുടെ കുറിപ്പ്.

ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഇത് ഷമീറും സജ്നയും കോവിഡ് കിച്ചണിലെ മറ്റൊരു കുടുംബം . ഇവരും കൂടെ താമസിക്കുന്ന വീട്ടിലാണ് നമ്മുടെ കിച്ചൺ പ്രവർത്തിക്കുന്നത്. ഷമീർ കുറച്ചു സിനിമകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്. സജ്‌ന 5 വർഷമായി ടെസ്റ്റ് എഴുതി കാത്തിരുന്ന ജോലി നമ്മൾ കിച്ചൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഓർഡർ ആയി ഇന്നിപ്പോൾ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ആയി കലൂരിൽ തന്നെ പോസ്റ്റിംഗും കിട്ടി എല്ലാം നമ്മൾ ചെയ്യുന്ന നന്മകൾക്ക് ദൈവം നൽകുന്ന കൂലി.

പതിവ് പോലെ ഇന്നും നമ്മുടെ കിച്ചൺ പ്രവർത്തിച്ചു. ഡയറക്ടർ മാരായ അനൂപ് കണ്ണനും, സൂരജ് ടോമും നമ്മുടെ കിച്ചൺ സന്ദർശിച്ചു. ഇന്ന് ഉച്ചയ്ക്ക് നമ്മൾ 3865 പേർക്കും രാത്രി 4460 പേർക്കും ആഹാരം കൊടുക്കുവാൻ സാധിച്ചു ദൈവത്തിന് നന്ദി.