‘കൈ തൊടാതെ മെയ് തൊടാതെ ഒന്നുചേർന്ന് അതിജീവിക്കും’; കൊറോണക്കാലത്ത് ലോകജനതയുടെ നന്മയ്ക്കായി പ്രയത്നിക്കുന്നവർക്ക് ആദരമർപ്പിച്ച് ഒരു ഗാനം, വീഡിയോ

April 21, 2020

ലോകം മുഴുവൻ നാശം വിതച്ച കൊറോണക്കാലത്ത് ലോകജനതയുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുകയാണ് ആരോഗ്യപ്രവർത്തകരും അധികൃതരുമെല്ലാം. ഇപ്പോഴിതാ ഭൂമിയിലെ ഈ നന്മ മനസുകൾക്ക് സംഗീതത്തിലൂടെ ആദരമറിയിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ.

ആതുര സേവകർ, പൊലീസ്, സന്നദ്ധ പ്രവർത്തകർ, ജന നേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുമായി നിരവധി ആളുകളാണ് കൊറോണ വൈറസ് എന്ന മഹാവിപത്തിനെ തുരത്തിയോടിക്കാൻ കഠിനപരിശ്രമം നടത്തുന്നത്. കാണാത്ത ദൈവത്തെ വിളിച്ച നമുക്ക് മുൻപിൽ എത്തിയ യഥാർത്ഥ ദൈവങ്ങൾ ഇവരാണെന്ന് പറഞ്ഞുവയ്ക്കുന്നതാണ് ഈ വീഡിയോ.

കലാകാരനായ സെന്തിലിന്റെ ആശയത്തിൽ നിന്നും ഉയർന്നുവന്നതാണ് ഈ മനോഹര വീഡിയോ. ഷിജു അഞ്ചുമന രചനയും സംഗീതവും നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫഹദ് ആണ്. എഡിറ്റിങ് ബിനു ഗോപി.

അതേസമയം കൊവിഡ്-19 ബോധവത്കരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിനിടയിൽ ഏറെ ശ്രദ്ധയാകർഷിക്കുകയാണ് ആരോഗ്യപ്രവർത്തകർക്കും അധികൃതർക്കും ആദരമർപ്പിക്കുന്ന ഈ വീഡിയോ.