കോടമ്പാക്കത്തെ ആ വീട്ടുടമസ്ഥയുടെ പ്രതിഫലനമായിരുന്നു ‘കണ്ടതും കേട്ടതും’ എന്ന ചിത്രത്തിലെ മീനാമ്മയുടെ കഥാപാത്രം: കോടമ്പാക്ക ഓര്‍മ്മകളില്‍ ബാലചന്ദ്രമേനോന്

നാട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം ആഗ്രഹ പൂര്‍ത്തികരണത്തിനായി മദ്രാസിലെത്തിയപ്പോള്‍ ബാലചന്ദ്രമേനോന്റെ പ്രായം 21 വയസ്സ്. സിനിമയുടെ ഈറ്റില്ലമായ കോടമ്പാക്കത്ത് കണ്ടെത്തിയ ഓരോ മുഖങ്ങളും ഇന്നും ബാലചന്ദ്രമേനോന്റെ മനസ്സില്‍ ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട്. കോടമ്പാക്ക അനുഭവങ്ങള്‍ വെള്ളം ചേര്‍ക്കാതെ പറയുകയാണ് താരം ‘filmy Fridays’ SEASON 2-ല്‍.
ചലച്ചിത്രതാരം തിക്കുറിശ്ശി താമസിച്ച വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കോടമ്പാക്കത്തെ ബാലചന്ദ്രമേനോന്റെ താമസം. തടിച്ച ഒരു സ്ത്രീയായിരുന്നു വീടിന്റെ ഉടമസ്ഥ. സദാസമയവും മുറുക്കാറുള്ള ആ സ്ത്രീയുടെ വേഷവിധാനങ്ങളെല്ലാം അല്‍പ്പം വിചിത്രമായിരുന്നു. എവിടെനിന്ന് സംസാരിച്ചാലും കേള്‍ക്കാവുന്ന തരത്തിലുള്ള ശബ്ദവും. ഈ സ്ത്രീയുടെ രൂപത്തിന്റെ പ്രതിഫലനമാണ് ‘കണ്ടതും കേട്ടതും’ എന്ന ചിത്രത്തില്‍ മീനാമ്മ അവതരിപ്പിച്ച കഥാപാത്രം. ബാലചന്ദ്രമേനോന് സംവിധാനം നിര്‍വഹിച്ച കണ്ടതും കേട്ടതും എന്ന ചിത്രം 1988-ലാണ് പുറത്തിറങ്ങിയത്.
കോടമ്പാക്കത്തെ വിശേഷങ്ങളാണ് ‘filmy Fridays’ SEASON 2-ല്‍ ബാലചന്ദ്രമേനോന് പറയുന്നത്. ആഖ്യാനത്തിലെ വൈഭവം കൊണ്ടുതന്നെ ഈ അനുഭവകഥകളുടെ തുറന്നുപറച്ചില്‍ ശ്രദ്ധ നേടുന്നു. ‘filmy Fridays’ന്റെ ആദ്യ സീസണ് മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ സീസണുമായി ബാലചന്ദ്രമേനോന് വീണ്ടും സജീവമാകുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ഏഴ് മണിക്കായിരിക്കും വിഷ്വല്‍ നോവല്‍ യുട്യൂബില്‍ പങ്കുവയ്ക്കപ്പെടുക.