കണ്ണൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്
കൊറോണ വൈറസ് ബാധ കൂടുതൽ ആളുകളിൽ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ജില്ലയിൽ 52 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 50 പേർ കണ്ണൂർ ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ കാസർകോട് സ്വദേശികളുമാണ്. 42 പേർക്ക് രോഗം ഭേദമായി. 5133 പേർ ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ട്. 401 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ട്. വിദേശത്തുനിന്ന് എത്തിയവർക്ക് പുറമെ സമ്പർക്കത്തിലൂടെയും ആളുകളിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ജില്ലയിൽ വില്ലേജ് അടിസ്ഥാനത്തിൽ അതിർത്തികൾ പൂർണമായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റീനിൽ ചെയ്യും. വാഹനങ്ങൾ അനാവശ്യമായി നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കാനും നിർദ്ദേശങ്ങളുണ്ട്. ജില്ലയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ആറ് പേർക്കാണ്.