‘ടൈറ്റാനിക്കിലെ റോസ് അല്ലേ?’ കേറ്റ് വിൻസ്‌ലെറ്റിനെ ഹിമാലയത്തിൽവെച്ച് പൊട്ടിക്കരയിച്ച വൃദ്ധന്റെ ചോദ്യം

April 28, 2020

എത്ര കാലം കഴിഞ്ഞാലും ടൈറ്റാനിക് നൽകുന്ന ഒരു പുത്തനുണർവ്വ് ഒന്ന് വേറെ തന്നെയാണ്. ലോകമെമ്പാടുമുള്ള പ്രണയിതാക്കളുടെ പ്രിയപ്പെട്ട റോസും ജാക്കും, ആ പാട്ടും, ഓരോ രംഗങ്ങളും ഇന്നും ഒരാളും മറന്നിട്ടില്ല. സിനിമ റിലീസ് ചെയ്ത് രണ്ടുപതിറ്റാണ്ടു കഴിഞ്ഞിട്ടും ആ കഥാപാത്രത്തെ ആരും മറന്നിട്ടില്ലെന്ന് ഇന്ത്യയിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് റോസ് ആയി അഭിനയിച്ച കേറ്റ് പറയുന്നു.

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് യാത്ര നടത്തിയപ്പോൾ ഹിമാലയവും കേറ്റ് സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടെ 85 വയസുള്ള ഒരു വൃദ്ധൻ കേറ്റിനെ കണ്ട് സൂക്ഷിച്ച് നോക്കി. ഒരു കണ്ണിനു കാഴ്ചക്കുറവുണ്ട്. വോക്കിങ് സ്റ്റിക്കുമുണ്ട്. അടുത്തുവന്ന് മുഖത്തേക്ക് നോക്കി ആ വൃദ്ധൻ ചോദിച്ചു’ നിങ്ങൾ റോസ് അല്ലെ, ടൈറ്റാനിക്കിലെ?’.

അതുകേട്ട് കേറ്റ് പൊട്ടിക്കരഞ്ഞുവെന്നും ഒരു അഭിനേത്രിയെന്ന നിലയിൽ എന്ത് ആനന്ദമാണ് ലഭിക്കാനുള്ളത് എന്നും നടി പറയുന്നു.