ഞെട്ടിച്ച് നിവിൻ പോളിയുടെ പുതിയ ലുക്ക്; വൈറൽ ചിത്രം

April 23, 2020

നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തടിച്ച് കുടവയർ ചാടിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പടവെട്ട്’. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ആദ്യമായി ഒരുക്കിയ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തത് ലിജു കൃഷ്ണയായിരുന്നു. നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച ‘പടവെട്ടി’ൽ അദിതി ബാലൻ ആണ് നായിക. ചിത്രത്തിൽ മഞ്ജു വാര്യരും ഭാഗമാകുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയ രാഘവൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.