സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

April 16, 2020

ഏപ്രില്‍ 20 ന് ശേഷം സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആഴ്ചയില്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാനാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഇതുപ്രകാരം ഏപ്രില്‍ 20 ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവ് ബാധകമല്ല. ഇതിനു പുറമെ കശുവണ്ടി, കൈത്തറി, ബീഡി, കയര്‍ മേഖലകളിലും ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചായിരിക്കും ഇളവുകള്‍ അനുവദിക്കുക. കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ചാണ് ജില്ലകളെ നാല് മേഖലകളായി തിരിക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ റെഡ് സോണുകളാക്കി. ഇവയാണ് അതിതീവ്ര മേഖല. ഈ ജില്ലകളില്‍ ഏപ്രില്‍ 20 ന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

ഏപ്രില്‍ 24 നു ശേഷം ഭാഗീകമായ ഇളവുകള്‍ നല്‍കുന്നതാണ് രണ്ടാമത്തെ മേഖല. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളാണ് ഈ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നാമത്തെ മേഖലയില്‍ ഭാഗീകമായി ജനജീവിതം അനുവദിക്കാനാണ് തീരുമാനം. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളാണ് ഈ മേഖലയില്‍. കോട്ടയം, ഇടുക്കി ജില്ലകളെ പൂര്‍ണ ഇളവുള്ള മേഖലയാക്കും.