ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി സമയം കളയേണ്ട; ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്…

April 15, 2020

ലോക്ക് ഡൗൺ ആയതിനാൽ രാവിലെ മിക്കവരും വളരെ വൈകിയാണ് എഴുന്നേൽക്കുന്നത്. ഇത് ആ ദിവസത്തെ മുഴുവൻ താളവും തെറ്റിക്കും. അതിനാൽ രാവിലെ നേരത്തെ എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. ഇത് പ്രഭാത ഭക്ഷണം കൃത്യസമയം തന്നെ കഴിക്കാൻ സഹായിക്കും.

ഉണർന്ന ഉടൻ ടിവി കാണുന്നതിന് പകരം വീട്ടിനകത്തിരുന്ന് അല്പം വ്യായാമം ചെയ്യാം. വീടിനകത്തുകൂടി തന്നെ അഞ്ച് മിനിറ്റ് സമയമെങ്കിലും നടക്കുന്നത് ശീലമാക്കുക. ഫുൾ ബോഡി സ്ട്രെച്ചിങ് ദിവസവും ചെയ്യുക. അതിന് പുറമെ ലളിതമായ വ്യായാമങ്ങൾ എങ്കിലും ചെയ്യാൻ ശ്രദ്ധിക്കണം.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതുവഴി മാനസീക സമ്മര്‍ദ്ദം കുറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാകാനും വ്യായാമം സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വ്യായാമം നല്ലൊരു പ്രതിവിധിയാണ്.

വീടുകളിൽ കഴിഞ്ഞുകൂടുമ്പോൾ കടുത്ത മാനസീക സമ്മർദ്ദം ഉള്ളവർക്ക് മികച്ചൊരു പരിഹാരമാർഗമാണ് പാട്ടുവെച്ച് നൃത്തം ചെയ്യുക എന്നത്.

പകൽ സമയം വെറുതെ ഇരിക്കുന്നതിന് പകരം മനസിനും ശരീരത്തിലും ഉണർവ് ലഭിക്കുന്ന ഗെയിമുകൾ ശീലമാക്കുക. ബുക്ക് വായിക്കുകയും, സിനിമകൾ കാണുകയും ചെയ്യുക. പുതിയ കഴിവുകൾ ശീലിക്കാൻ ഈ ദിവസങ്ങൾ ഉപകാരപ്പെടും. ഓൺലൈൻ ക്‌ളാസുകളിലൂടെ ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാം. അതിന് പുറമെ തുന്നൽ, പെയിന്റിങ് തുടങ്ങിയ കാര്യങ്ങളും പഠിക്കാം. ചെറിയ കൃഷിയും ചെടി നടലുമൊക്കെ മനസിനും ശരീരത്തിനും സന്തോഷം നൽകുന്ന കാര്യങ്ങളാണ്.

വളരെ ആസ്വദിച്ച് പാചകം ചെയ്യാം. പുതിയ പാചക പരീക്ഷണങ്ങൾ നടത്താനും ഈ സമയം ഉപകാരപ്പെടും. എന്നാൽ അമിതമായി ഭക്ഷ്യവസ്തുക്കൾ പാഴാക്കരുത്. ആവശ്യത്തിന് മാത്രം പാചകം ചെയ്യുക. നന്നായി വെള്ളം കുടിക്കുകയും വ്യക്തിത്വ ശുചിത്വം പാലിക്കുകയും ചെയ്യുക. ഭക്ഷണ കാര്യത്തിലും ഏറെ ശ്രദ്ധിക്കണം. അനാവശ്യമായി ഭക്ഷണം കഴിക്കരുത്. ഇത് അമിതവണ്ണത്തിന് കാരണമാകും. ഓറാഞ്ച് , നാരങ്ങാ പോലുള്ള പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

രാത്രിയിൽ നേരത്തെ കിടന്ന് ശീലിക്കുക. ഈ ദിവസങ്ങളിൽ കൃത്യമായ ഉറക്കവും വളരെ അത്യാവശ്യമാണ്.