ലോക പൈലറ്റ് ദിനത്തിൽ ‘ഉയരെ’ വിശേഷങ്ങളുമായി ആസിഫും പാർവതിയും

April 27, 2020

കേട്ടു തഴമ്പിച്ച സൗന്ദര്യ സങ്കല്പത്തിന് തികച്ചും വിത്യസ്ഥമായൊരു മാനം നൽകിയ ചിത്രമാണ് ഉയരെ. പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകനാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥയാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ സന്തോഷം പങ്കുവയ്ക്കുകയാണ് താരങ്ങൾ. ലോക പൈലറ്റ് ദിനമായ ഏപ്രില്‍ 26 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

‘നമ്മളോരോരുത്തരുടെയും ഇടയില്‍ പല്ലവിയുണ്ട്. ആ കരുത്തിനും മനഃശക്തിയ്ക്കും സല്യൂട്ട്. ഉയരങ്ങളിലേക്ക് പറന്നുകൊണ്ടേയിരിക്കുന്നു. ഈ സ്‌നേഹത്തിനു നന്ദി…’എന്നാണ് പാർവതി തിരുവോത്ത് ഫേസ്ബുക്കിൽ കുറിച്ചത്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്.

അതേസമയം ചിത്രത്തിന്റെ ഷൂട്ടിങിനിടെയിലെ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ആസിഫ് അലി.

ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, അനാർക്കലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.