മൂന്നാം വയസ്സില്‍ അനാഥനായി; ഒറ്റപ്പെടലിലും തളരാതെ സിനിമാ സ്വപ്നങ്ങള്‍ക്കായി പോരാട്ടം; പ്രചോദനമാണ് ഈ ജീവിതം

May 5, 2020
vinay viral

ചിലരുടെ ജീവിതം നല്‍കുന്ന പ്രചോദനം ചെറുതല്ല. പ്രത്യേകിച്ച് വെല്ലുവിളികളോട് ശക്തമായി പോരാടുന്നവരുടെ ജീവിതം. അപ്രതീക്ഷിതമായി വരുന്ന ചില സങ്കടങ്ങളില്‍ ഉള്ളുലഞ്ഞ് നെഞ്ച് പിടഞ്ഞ് പൊട്ടിക്കരഞ്ഞ് ഒടുവില്‍ സ്വയം തോറ്റുപോകുന്നവരുണ്ട് നമുക്കിടയില്‍. ഉള്ളിലെവിടെയോ ഉയര്‍ന്ന് പറക്കണമെന്ന് മോഹിക്കുന്നുണ്ടെങ്കിലും തയാറാവാതെ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ജീവിതത്തെ അടയറവുവയ്ക്കുന്ന ചിലര്‍. അത്തരക്കാര്‍ അറിയണം വിനയ് എന്ന ചെറുപ്പക്കാരനെക്കുറിച്ച്.

വിനയ്-യെ കുറിച്ച് മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ലോക്ക് ഡൗണ്‍കാലത്ത് ഒരു പൊലീസ് ഇടപെടലിലൂടെ. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടത്ത് ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സിനിമാക്കഥയെപോലും വെല്ലുന്ന വിനയ്-യുടെ ജീവിതകഥ സൈബര്‍ലോകം അറിഞ്ഞത്.

തൃശ്ശൂര്‍ ജില്ലയിലെ തലോര്‍ ആണ് വിനയ്-യുടെ സ്വദേശം. മൂന്നാം വയസ്സിലാണ് വിനയ്ക്ക് മാതാപിതാക്കളെ നഷ്ടമായത്. അച്ഛന്റെയും അമ്മയുടേയും രൂപം പോലും ഓര്‍മ്മയില്ല. സ്‌നേഹവിവാഹമായിരുന്നു അച്ഛന്റേയും അമ്മയുടേയും. ആ വിവാഹം ബന്ധുക്കളെ അകറ്റി. അമ്മയുടെ അനിയത്തിക്കൊപ്പമായിരുന്നു ബാല്യകാലത്ത് വിനയ്. മാതാപിതാക്കളെക്കുറിച്ചുള്ളത് കേട്ടറിവുകളാണ് അധികവും. കാരണം ഓര്‍മ്മയുറയ്ക്കും മുന്നേ മാതാപിതാക്കള്‍ വിനയ്-യെ വിട്ടുപോയിരുന്നു.

അനാഥാലയത്തിലായിരുന്നു കുറച്ചുകാലം. പിന്നെ അമ്മയുടെ അനുജത്തിക്കൊപ്പവും. ആന്റിക്ക് തന്നേക്കൂടി നോക്കാന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിവിലാണ് ജോലിക്ക് പോയിത്തുടങ്ങിയത്. ചെറുപ്പത്തില്‍ പത്രങ്ങള്‍ വിറ്റും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്തി. പിന്നീട് മുംബൈയ്ക്ക് വണ്ടി കയറി. സിനിമാ മോഹവുമായി സെറ്റുകള്‍ തോറും കയറിയിറങ്ങി. ഒപ്പം ചെറിയ ചെറിയ ജോലികളും. റെയില്‍വേ സ്‌റ്റേഷനിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്.

Read more: ഇടം കാൽ കിക്കിലൂടെ ഒരു അത്യുഗ്രൻ ഗോൾ; താരമായി ‘മമ്പാട് മെസി’, വൈറൽ വീഡിയോ

രണ്ട് വര്‍ഷത്തെ മുംബൈ വാസത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തേയ്ക്ക് എത്തി. ഓപ്പണ്‍ സ്‌കൂള്‍ വഴി പത്താംക്ലാസ് പരീക്ഷയും പാസായി. ജോലി ചെയ്തുകൊണ്ടായിരുന്നു പഠനം. ഏഴുപത് ശതമാനം മാര്‍ക്കും നേടി. ജീവിക്കാനായി ഹോട്ടലില്‍ ജോലിയും. തുടര്‍ന്ന് ഹ്രസ്വകാല ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കൊച്ചിയില്‍ ജോലിക്കായെത്തി. വീണ്ടും സിനിമാ മോഹവുമായി നെടുമ്പാശ്ശേരിയില്‍. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ കര്‍വാര്‍ എന്ന സിനിമയില്‍ വിനയ് ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ലോനപ്പന്റെ മാമോദീസ, കല്‍ക്കി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വരയന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Read more: നിഗൂഢ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്ന കപ്പലുകളും വിമാനങ്ങളും; ആഴക്കടലിലെ ആകര്‍ഷണ വലയം പോലെ ബെര്‍മുഡ ട്രയാംഗിള്‍

നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തിന് സമീപം ലോട്ടറി വില്‍ക്കാറുണ്ട് വിനയ്. പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണിപ്പോള്‍. അത്താണിയിലെ അമ്പലത്തില്‍ നിന്നും ലഭിയ്ക്കുന്ന സൗജന്യ ഭക്ഷണം കഴിച്ച് വിശപ്പകറ്റിയിരുന്ന വിനയ് ലോട്ടറി വില്‍പനയില്‍ നിന്നും കിട്ടുന്ന പണംകൊണ്ടാണ് വീട്ടുവാടക കൊടുക്കുന്നത്.

ലോക്ക് ഡൗണ്‍ സമയത്ത് സാമൂഹിക അടുക്കളയില്‍ നിന്നും ഭക്ഷണം കഴിയ്ക്കാന്‍ സൈക്കിളില്‍ പോകവെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വിനയ്-യെ പരിചയപ്പെടുന്നതും ജീവിതത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചതും. പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്ന വിനയ് അനേകര്‍ക്ക് പ്രചോദനമാകുന്നു. സിനിമാ മോഹവുമായി മുന്നേറുമ്പോഴും പ്രതിസന്ധികള്‍ക്ക് ഒരിക്കലും തന്നെ തളര്‍ത്താനാവില്ല എന്ന ആത്മവിശ്വാസമാണ് വിനയ്-യുടെ കൈമുതല്‍, സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാനുള്ള മനസ്സും.

Story Highlight: Social media viral Vinay special story