കൊവിഡ് പ്രതിസന്ധി- മുത്തച്ഛനെയും മുത്തശ്ശിയെയും ഒന്നു കെട്ടിപ്പിടിക്കാൻ പെൺകുട്ടി കണ്ടെത്തിയ മാർഗം; കണ്ണുനിറയ്ക്കുന്ന വീഡിയോ

May 16, 2020

കുട്ടികളെ സംബന്ധിച്ച് അവർക്ക് മാതാപിതാക്കളോളം പ്രിയപ്പെട്ടതാണ് മുത്തച്ഛനും മുത്തശ്ശിയുമൊക്കെ. മാനസിക അടുപ്പവും ശാരീരിക അടുപ്പവും കുട്ടികൾ അവരോട് കാത്തുസൂക്ഷിക്കും. എന്നാൽ നിലവിലെ സാഹചര്യം അത്തരം സ്നേഹപ്രകടനങ്ങൾക്ക് വെല്ലുവിളിയാണ്.

ലോകം മുഴുവൻ കൊവിഡ് സൃഷ്ടിച്ചിരിക്കുന്നത് വലിയൊരു ആഘാതമാണ്. സാമൂഹിക അകലം പാലിച്ച്, സ്വന്തമെന്നോ സുഹൃത്തെന്നോ നോക്കാതെ ശാരീരിക അകലം പാലിച്ച് ഇനിയും ഏറെ കാലം കഴിയണം. ബന്ധങ്ങളിലെ ഊഷ്മളത പലപ്പോഴും അറിയാൻ സാധിക്കുന്നതും ദൃഢപ്പെടുന്നതും ആലിംഗനത്തിലൂടെയാണ്. എന്നാൽ സാമൂഹിക അകലം എന്ന വെല്ലുവിളി പരസ്പരം ഒന്ന് തൊടാൻ പോലും അനുവദിക്കുന്നില്ല.

പക്ഷെ, കാലിഫോർണിയയിൽ നിന്നുള്ള ഒരു 10 വയസ്സുകാരി ഈ പ്രതിസന്ധിക്ക് ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ്. മുത്തച്ഛനേയും മുത്തശ്ശിയേയും ആലിംഗനം ചെയ്യുന്നതിനായി പ്രത്യേകം ഒരു ഉപകരണം രൂപകൽപന ചെയ്തിരിക്കുകയാണ് ഈ കുട്ടി.

Read More:സ്വപ്‌നങ്ങൾ ബാക്കിയാക്കി മരണം കവർന്ന റാണി ചന്ദ്രയുടെ ജീവിതം- ഓർമ്മകളുമായി “filmy FRIDAYS”ൽ ബാലചന്ദ്ര മേനോൻ

നാല് ഔട്ട്‌ലെറ്റുകളുള്ള പ്ലാസ്റ്റിക് തിരശ്ശീല ഒരു വാതിലിൽ ഘടിപ്പിച്ചിരിക്കുന്നതായി കാണാം.കൈകൾ കടത്തുന്നതിനായാണ് നാല് സുഷിരങ്ങൾ.ഈ സുഷിരങ്ങളോട് ചേർന്ന് കൈകളുടെ മാതൃകയിൽ പ്ലാസ്റ്റിക് ഘടിപ്പിച്ചിരിക്കുന്നു. പ്ലാസ്റ്റിക് തിരശ്ശീലയുടെ മറുവശത്ത് നിന്നും ഒരാൾക്കും ഇപ്പുറത്ത് നിന്നും ഒരാൾക്കും പരസ്പരം കെട്ടിപ്പിടിക്കാൻ സാധിക്കും ഇതിലൂടെ.

പെൺകുട്ടിയുടെ ഈ ക്രിയാത്മകമായ കണ്ടെത്തൽ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. കുടുംബത്തെ ആലിംഗനം ചെയ്യാനായി ഒരാൾ തയ്യാറാക്കിയ ഇത്തരം ഉപകരണത്തിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് പെൺകുട്ടി തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും ആലിംഗനം ചെയ്യാൻ വഴി കണ്ടെത്തിയത്.

Story highlights-Girl designs hug-curtain for grandparents