മലർ മിസ്സിന് പിറന്നാൾ – ആശംസകളുമായി നായകന്മാർ

May 9, 2020

പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിൽ മലർ എന്ന കഥാപാത്രമായി കടന്ന് വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. ശക്തമായ വേഷങ്ങൾകൊണ്ടും ഹിറ്റ് ചിത്രങ്ങളിലൂടെയും സായ് പല്ലവി തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ്. ലോക്ക് ഡൗൺ കാലത്ത് തന്റെ ഇരുപത്തിയെട്ടാം പിറന്നാൾ നിറവിലാണ് സായ് പല്ലവി.

പ്രിയ നടിക്ക് പിറന്നാൾ ആശംസകളുമായി താരങ്ങളും ആരാധകരുമെത്തി. നടൻ നിവിൻ പോളിയും തെലുങ്ക് താരം റാണാ ദഗുബാട്ടിയും സായി പല്ലവിക്ക് പിറന്നാൾ ആശംസിച്ചു. സായി പല്ലവിയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് നിവിൻ ആശംസ അറിയിച്ചത്. സായി പല്ലവിയും റാണയും ഒന്നിച്ചഭിനയിക്കുന്ന വിരാടപർവ്വം എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് റാണയും ആശംസകൾ അറിയിച്ചു.

ആദ്യചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരെ സമ്പാദിച്ചിരുന്നു സായ് പല്ലവി. പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറിയെങ്കിലും നീളൻ മുടിയും തമിഴ് ശൈലിയും അസാമാന്യ മെയ്‌വഴക്കവുമുള്ള സായ് പല്ലവിയെ മലയാളികൾ മറന്നില്ല. ഇന്നും മലർ എന്ന കഥാപാത്രത്തിന് കേരളത്തിൽ ഒട്ടേറെ ആരാധകരുണ്ട്.

Story highlights- Sai pallavi’s 28th birthday