‘നിരോധിത സംഘടനയുടെ ഫോണ്‍കോള്‍, പിന്നാലെ അക്കൗണ്ടിലേയ്ക്ക് 10 ലക്ഷം രൂപയും’; കൂട്ടുകാരുടെ പറ്റിക്കല്‍ പരിപാടിയില്‍ പെട്ടുപോയത് സിജു വിത്സണ്‍; രസകരമായ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ

മലയാളികള്‍ക്ക് അത്ര അപരിചിതമല്ല ഗുലുമാല്‍ എന്ന വാക്ക്. ഒരുകാലത്ത് ടെലിവിഷന്‍ സ്‌ക്രീനില്‍ ചിരി നിറച്ച ഗുലുമാല്‍ ഇപ്പോള്‍ യുട്യൂബില്‍ തംരഗം തീര്‍ക്കുകയാണ് ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന വേര്‍ഷനിലൂടെ. മലയാളികളുടെ പ്രിയ ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അനുപ് പന്തളം ഒരുക്കുന്ന പ്രാങ്ക് വീഡിയോകള്‍ക്ക് യുട്യൂബിലും കാഴ്ചക്കാര്‍ ഏറെയാണ്. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍ വേര്‍ഷനാണ് ഗുലുമാല്‍ ഓണ്‍ലൈന്‍.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് സിജു വിത്സന് കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ ഗുലുമാല്‍ പണി. സുഹൃത്തുക്കളായ ശബരീഷ് വര്‍മ്മയും പ്രമോദ് മോഹനും ഗുലുമാല്‍ ഓണ്‍ലൈന്‍ അവതാരകന്‍ അനൂപ് പന്തളവും ആണ് രസകരമായ ഈ പ്രാങ്ക് വീഡിയോയ്ക്ക് പിന്നില്‍. ഗുലുമാല്‍ ഓണ്‍ലൈന്റെ ഈ പ്രാങ്ക് വീഡിയോ ഇതിനോടകംതന്നെ മൂന്ന് ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
ലോക്ക്ഡൗണ്‍ കാലമായതിനാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഫോണ്‍ കോളിലൂടെയായിരുന്നു ഈ പ്രാങ്ക്. ഒരു പെണ്‍കുട്ടി സിജു വിത്സനെ ഫോണ്‍ ചെയ്യുന്നതില്‍ നിന്നുമായിരുന്നു പ്രാങ്കിന്റെ തുടക്കം. ഒരു ഡയറക്ടറിന്റെ അസിസ്റ്റാന്റാണ് എന്നു പരിചയപ്പെടുത്തിയാണ് പേള്‍ ഡിസൂസ എന്ന പെണ്‍കുട്ടി സിജുവിനെ വിളിച്ചത്. ദുബായില്‍ നിന്നായിരുന്നു കോള്‍. എന്നാല്‍ ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തി അനൂപ് പന്തളം സിജുവിനെ വിളിച്ചു.
രസകരമായ ചോദ്യചെയ്യലായിരുന്നു പിന്നീട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള നിരോധിത സംഘടനയുടെ കോള്‍ ആണ് പെണ്‍കുട്ടിയിലൂടെ സിജു വിത്സന് വന്നതെന്നും അക്കൗണ്ടിലേയ്ക്ക് 10 ലക്ഷം രൂപ എത്തിയിട്ടുണെന്നും ഒക്കെ പറഞ്ഞു കൊണ്ടായിരുന്നു അനൂപിന്റെ ചോദ്യം ചെയ്യല്‍. ‘എനിക്ക് ഒന്നും അറിയില്ല സാറേ..’ എന്ന് ഇടയ്ക്കിടെ സിജു പറയുന്നുണ്ട്. ഏറ്റവും ഒടുവില്‍ അനൂപ് തന്നെയാണ് സസ്‌പെന്‍സ് പൊളിച്ചത്.
അതേസമയം സിജു വിത്സന്റെ നിഷ്‌കളങ്കതയെ പ്രശംസിക്കുകയാണ് പ്രേക്ഷകര്‍. ഗുലുമാല്‍ പരിപാടിക്ക് ശേഷവും ഏറെ സൗഹാര്‍ദപരമായാണ് താരം സംസാരിച്ചതെന്നും അവതാരകന്‍ അനൂപ് പന്തളം വ്യക്തമാക്കുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് സിജു വിത്സന്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയില്‍ പരിപൂര്‍ണ്ണമാക്കുന്നു.
ഗുലുമാല്‍ ഓണ്‍ലൈന്‍ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും
ഏറെ രസകരാണ് ഗുലുമാല്‍ ഓണ്‍ലൈന്റെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകള്‍. അവതാരകന്‍ അനൂപിന്റെ രസകരമായ സംഭാഷണങ്ങള്‍ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് അനൂപ് പന്തളം ഗുലുമാല്‍ ഓണ്‍ലൈനില്‍ വിവിധ പ്രാങ്ക് വീഡിയോകള്‍ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Story Highlights- Gulumal online, celebrities prank, Siju Wilson